ഡോക്ടർമാരുടെ സമരം നാലാംദിനത്തിലേക്ക്; ഗൗനിക്കാതെ സർക്കാർ, മെഡിക്കൽ കോളേജുകൾ പൂർണ സ്തംഭനത്തിലേക്ക്

#സ്വന്തം ലേകഖൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല ഒ.പി., ശസ്ത്രക്രിയ ബഹിഷ്‌കരണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടലുകൾ ഒന്നും നടത്താതായതോടെ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കുമായി എത്തുന്നവർ പെരുവഴിയിലാകുന്ന സ്ഥിതിയാണ്.

ദിവസവും ധാരാളം ശസ്ത്രക്രിയകൾ നടക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എ, ബി ബ്ലോക്കുകളിൽ വെള്ളിയാഴ്ച ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. അടിയന്തരമല്ലാത്ത യാതൊരു ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നില്ല. മാസങ്ങളും ആഴ്ചകളും മുൻപ് ശസ്ത്രക്രിയയ്ക്ക് തീയതി ലഭിച്ച് എത്തിയവർ സിസ്റ്റത്തെ പഴിച്ച് ആശുപത്രിവിട്ടുപോകുന്ന കാഴ്ചയാണ്.

ഒ.പി.യിലും ഇതേ അവസ്ഥയാണ്. താഴെത്തട്ടിലുള്ള ആശുപത്രികളിൽനിന്ന് വിദഗ്ധചികിത്സയ്ക്ക് മെഡിക്കൽ കോളേജിലെത്തുന്നവർ പി.ജി. വിദ്യാർഥികളെ കണ്ട് മടങ്ങുന്നു. സങ്കീർണമായ ചികിത്സകളിൽ ഇവർക്കു മാത്രമായി തീരുമാനമെടുക്കാനാകുന്നില്ല. അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനാൽ മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസുകളും ലഭിക്കുന്നില്ല.

ചുരുക്കത്തിൽ ആരോഗ്യരംഗത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജുകൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ചർച്ചകൾക്ക് സർക്കാരും താത്പര്യപ്പെടാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡോക്ടർമാരുടെ സംഘടന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

നിലപാട് മാറ്റാതെ സർക്കാർ

പി.ജി. ഡോക്ടർമാരും കഴിഞ്ഞദിവസം സമരം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇത് പിൻവലിച്ചു. സീനിയർ ഡോക്ടർമാരുടെ സമരം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടുക, സ്റ്റൈപ്പന്റ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പി.ജി. അസോസിയേഷൻ ചർച്ചയിൽ ഉന്നയിച്ചത്.

സ്റ്റൈപ്പന്റുൾപ്പെടെ പരിഷ്‌കരിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്ന് സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്നാണ് ഇവർ പിന്മാറിയത്. എന്നാൽ, സീനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ പരമാവധി ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് പി.ജി. ഡോക്ടർമാരെ സർക്കാർ അറിയിച്ചത്.

കെ.ജി.എം.സി.ടി.എ. സമരം അനാവശ്യമാണെന്ന ആരോഗ്യമന്ത്രിയുടെ മുൻ പ്രസ്താവന ശരിവെക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോഴും തുടരുന്നതെന്നാണ് ഇതിൽനിന്നു മനസ്സിലാകുന്നത്.

രോഗികൾക്ക് ആനുപാതികമായ തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതൽ ഡോക്ടർമാർ സമരരംഗത്തുള്ളത്.

അവശ്യസേവനങ്ങളായ കാഷ്വാൽറ്റി, ഐ.സി.യു., ലേബർ റൂം എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഡോക്ടർമാർക്ക് പിന്തുണയുമായി കെ.ജി.എം.ഒ.എ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിവരുന്ന സമരം തീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.

‘ആവശ്യങ്ങൾ ന്യായമാണ്. ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കാത്തതും നിലവിലുള്ളവർക്ക് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും അംഗീകരിക്കാനാവില്ല.’

‘സമരംചെയ്യുന്ന ജീവനക്കാരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഡയസ്നോൺ പ്രഖ്യാപിച്ച നടപടി ശരിയല്ല. ഇത് ജനകീയ സർക്കാരിനു ചേർന്നതല്ലെന്നും ഡോക്ടർമാരുടെ സമരത്തിനു പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.’ കെ.ജി.എം.ഒ.എ. സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

Content Highlights: Kerala`s medical colleges face complete shutdown as doctors` strike continues for the fourth day. Government inaction leaves patients in dire straits.