ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നു; ആരോഗ്യവകുപ്പിൽ 10 വർഷത്തെ ഇടപാട് അന്വേഷിക്കും

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ 10 വർഷത്തിനിടെ ഉപകരണങ്ങൾ വാങ്ങിയതിൽ സമഗ്രമായ വകുപ്പുതല അന്വേഷണം വരുന്നു. മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും ഉപകരണങ്ങൾ വാങ്ങിയതാണ് അന്വേഷിക്കുന്നത്. ഉപകരണങ്ങളിൽ ഏറെയും ആരും തിരിഞ്ഞുനോക്കാതെ നശിക്കുന്നത് നേരിൽക്കണ്ട് മനസ്സിലാക്കിയതുകൊണ്ടാണ് അന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തകർന്ന സിസ്റ്റത്തെ ശരിയാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണംചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനുമുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കേടായനിലയിലാണ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ.വി. സോളാർപ്ലാന്റ് സ്ഥാപിച്ചെങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിച്ചെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല.
അന്വേഷണത്തിൽ ക്രമക്കേടുകണ്ടെത്തിയാൽ വിജിലൻസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Comprehensive departmental investigation into 10 years of medical equipment procurement., Focus on abandoned and non-functional equipment in government hospitals., Investigation includes equipment supplied by the Central Government during the COVID-19 pandemic., Potential referral to Vigilance if irregularities are uncovered., Minister K. Muraleedharan emphasizes fixing the systemic failures in public healthcare.