ഐ.സി.സി. റിപ്പോര്‍ട്ടില്‍ ഏറെയും സ്ഥാപനത്തിന് അനുകൂലമായതും പക്ഷപാതപരവും - ഹൈക്കോടതി

ഹൈക്കോടതി | Photo: Mathrubhumi Library
ഹൈക്കോടതി | Photo: Mathrubhumi Library

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ രൂപവത്കരിച്ച ആഭ്യന്തര പരാതിപരിഹാര സമിതി (ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി -ഐ.സി.സി.) റിപ്പോര്‍ട്ടുകളില്‍ ഏറെയും സ്ഥാപനത്തിന് അനുകൂലമായതും പക്ഷപാതപരവുമാണെന്ന് ഹൈക്കോടതി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ആഭ്യന്തര സമിതികളുടെ 'ക്ലീന്‍ ചിറ്റ്' അന്തിമമല്ല. അവ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും പോലീസ് കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമ ആരോപണമുന്നയിച്ചുള്ള പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കൊല്ലത്തെ ഒരു കോളേജ് മേധാവിയുടെ ഹര്‍ജി തള്ളിയാണ് കോടതിയിത് വ്യക്തമാക്കിയത്.

കോളേജ് പ്രിന്‍സിപ്പലിന്റെയും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെയും ചുമതലയുള്ള സമയത്ത് ഒരു വനിതാ പ്രൊഫസറോട് ഹര്‍ജിക്കാരന്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354-എ (ലൈംഗികപീഡനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരസമിതിയുടെ അന്വേഷണത്തില്‍ തനിക്കെതിരേ ആരോപണമില്ലെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

പോലീസ് കേസ് ഐ.സി.സി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം റിപ്പോര്‍ട്ടുകളിലേറെയും ഇരയായവര്‍ക്ക് അനുകൂലമല്ല. അതിനാല്‍ ഐ.സി.സി. റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്.

ഇരയാക്കപ്പെട്ട വ്യക്തിക്ക് പോലീസില്‍ പരാതിനല്‍കാം. പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണം. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ അക്കാര്യം വ്യക്തമാക്കി അന്തിമറിപ്പോര്‍ട്ട് നല്‍കണം. ഐ.സി.സി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പോലീസ് കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: The Kerala High Court slams internal complaints committees (ICCs) for their biased and institution