നികുതിവെട്ടിപ്പിന് പിടിച്ചിട്ട ലോറികൾ അതിർത്തി കടത്തി; പിന്നാലെയെത്തി പിടിച്ച് ജി.എസ്.ടി. സംഘം

#ഇ.വി.ജയകൃഷ്ണൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കാഞ്ഞങ്ങാട്: ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയ രണ്ട്‌ ലോറികൾ സംസ്ഥാന അതിർത്തിക്കപ്പുറത്തെത്തി പിടിച്ചു. പാലക്കാട്ടും കോഴിക്കോട്ടുമാണിത്. നികുതിയടയ്ക്കാതെ ചരക്കുമായി പോയതിന് പിടികൂടി നടപടിയെടുക്കാനാനായി നിർത്തിയിട്ട ലോറികളാണ് കടത്തിക്കൊണ്ടുപോയത്.

10 ദിവസം മുൻപ് അർധരാത്രി അങ്കമാലി ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെ കൈകാണിച്ച് നിർത്താതെ പോയ കണ്ടെയ്‌നർ ലോറി ജി.എസ്.ടി. കോതമംഗലം എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പി.കെ. ജിജിമോന്റെ നേതൃത്വത്തിൽ പിടിച്ചിട്ടിരുന്നു. ഇ-വേബിൽ ഉണ്ടായിരുന്നില്ല. ഡ്രൈവർ പറഞ്ഞതനുസരിച്ച് അതിൽ 18 ടൺ സ്ക്രാപ്പാണെന്ന് മനസ്സിലാക്കി. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ. 18 ശതമാനമാണ് നികുതിയടയ്ക്കേണ്ടത്. പൂർണമായ പരിശോധനയ്ക്കായി പിറ്റേന്ന് രാവിലെയെത്തിയപ്പോൾ അവിടെ ലോറിയില്ല.

പോലീസും ജി.എസ്.ടി.ക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം കർണാടക ബഗേപ്പള്ളിയിൽനിന്ന് ലോറി വീണ്ടും പിടിച്ചു. അപ്പോഴേക്കും ആ ലോഡിന് പകരം ബില്ലുള്ള മറ്റൊരു ലോഡ് ലോറിയിൽ കയറ്റിയിരുന്നു. പുതിയ ലോഡ് സഹിതം ലോറി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ച് പാലക്കാട് കോടതിക്ക് റിപ്പോർട്ട് നൽകി.

കോഴിക്കോട്ട് രാമനാട്ടുകരയിൽനിന്നാണ് രണ്ടാമത്തെ ലോറി പിടിച്ചത്. കൈനീട്ടിയിട്ടും നിർത്താതെപോയ ലോറി ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പി.പി.ബിജുവിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടിക്കുകയായിരുന്നു. അതിലും 17 ടൺ സ്ക്രാപ്പായിരുന്നു. വ്യാജ ബില്ലാണ് ഡ്രൈവറുടെ കൈയിലുണ്ടായിരുന്നത്. ലോറി കോഴിക്കോട് ജി.എസ്.ടി. കോംപ്ലക്സിനടുത്ത റോഡരികിൽ കൊണ്ടിട്ടു. അതിന്റെ താക്കോലും വാങ്ങി നോട്ടീസ് കൈമാറി ഉദ്യോഗസ്ഥർ മടങ്ങി.

പിറ്റേന്ന് വിശദമായ പരിശോധനയ്ക്കെത്തിയപ്പോൾ ലോറിയില്ല. പിന്നീട് പോലീസിന്റെ സഹായത്തോടെ ആന്ധ്രയിലെ വിജയവാഡയിൽനിന്ന് പിടിച്ച് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്റലിജൻസ് ഓഫീസർ രത്നാകരന്റെ നേതൃത്വത്തിലുള്ള ജി.എസ്.ടി. ഹെഡ്ക്വാർട്ടേഴ്‌സ് ടീമാണ് ഇരു ലോറികളും പിടിക്കാനും തിരിച്ചെത്തിക്കാനും നടപടിയെടുത്തത്.

നോട്ടീസ് നൽകിയാൽ വാഹനം കസ്റ്റഡിയിലായി

ജി.എസ്.ടി. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി നോട്ടീസ് നൽകിയാൽ ആ വാഹനം അവരുടെ കസ്റ്റഡിയിലായെന്നാണ് വ്യവസ്ഥ. താക്കോൽ വാങ്ങുകയോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയോ വേണ്ട. പരിശോധന കഴിയുംവരെ വാഹനം ആ സ്ഥലത്തുനിന്ന് മാറ്റാൻ അനുമതിയില്ല. അങ്ങനെ ചെയ്താൽ ആർ.സി. ഉടമ, ബില്ലിൽ കാണുന്ന വിലാസത്തിലുള്ളവർ എന്നിവർക്കെല്ലാമെതിരേ നിയമനടപടിയുണ്ടാകും. അതിനാലാണ് പോലീസോ ഉദ്യോഗസ്ഥരോ വാഹനത്തിന് കാവൽ നിൽക്കുന്ന സംവിധാനമില്ലാത്തത്.

Content Highlights: GST officials seized two trucks that fled after being flagged for inspection., The trucks were carrying scrap metal worth over 1.5 crore rupees., One truck was recovered from Bagepalli, Karnataka, and the other from Vijayawada, Andhra Pradesh., Legal action initiated against RC owners and document holders for illegal removal of impounded vehicles., Clarification on GST seizure rules: Vehicles under notice are legally considered to be in official custody.