തൃശൂര്‍ പൂരം; എക്‌സ്‌പ്ലോസീവ് ആക്ട് ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി കേരളം, കേന്ദ്രത്തിന് കത്തയക്കും

തൃശൂര്‍ പൂരം കരിമരുന്ന് പ്രയോഗം (ഫയല്‍ ചിത്രം)
തൃശൂര്‍ പൂരം കരിമരുന്ന് പ്രയോഗം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. 

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ  കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്‌കരണ പ്ലാന്റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കു അനുമതി നല്‍കിയ മാതൃകയിലാവും ഇത്. 

Content Highlights: kerala govt to write letter to centre on fireworks regulations