മെഡിസെപ് ഉത്തരവ് വൈകി: പുതുവർഷത്തിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

തിരുവനന്തപുരം: മെഡിസെപ് പ്രീമിയം കൂട്ടിയ ഉത്തരവ് മരവിപ്പിക്കാൻ വൈകിയതോടെ, ഒരുവിഭാഗം സർക്കാർജീവനക്കാർക്ക് പുതുവർഷദിനത്തിൽ ശമ്പളം മുടങ്ങി. പുതുക്കിയ നിരക്കനുസരിച്ച് ഡിസംബറിലെ ശമ്പളത്തിൽ 810 രൂപ പ്രീമിയം ഈടാക്കിയാണ് പല ഓഫീസുകളിലും ശമ്പളബില്ലുകൾ തയ്യാറാക്കിയത്.
ഇതിനിടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നതോടെ, മെഡിസെപ് രണ്ടാംഘട്ടം നടപ്പാക്കുന്നത് ധനവകുപ്പ് ഒരുമാസത്തേക്കു നീട്ടിയിരുന്നു. ഈ ഉത്തരവിറങ്ങിയത് ഡിസംബർ 30-നാണ്. ഇതിനിടെ, ഒട്ടേറെ സർക്കാർജീവനക്കാരുടെ ശമ്പളബിൽ തയ്യാറാക്കിയിരുന്നു. പുതിയ ഉത്തരവനുസരിച്ച് സാങ്കേതിക ക്രമീകരണത്തിൽ വന്ന മാറ്റമാണ് ശമ്പളം മുടങ്ങാൻ കാരണമായതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ട്രഷറികളിൽനിന്നു പണം പിൻവലിക്കാതിരിക്കാനുള്ള സർക്കാരിന്റെ അടവാണിതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ കുറ്റപ്പെടുത്തി.
Content Highlights: Medisep Premium Hike Delays: Kerala Government Employees Face Salary Shortfall on New Year's Day