കിറ്റിന് പകരം ക്ഷേമത്തിലൂന്നി 'മിനിബജറ്റ്', വിവാദങ്ങൾ മറികടക്കാൻ ജനപ്രിയ പ്രഖ്യാപനങ്ങൾ; പിണറായിയുടെ മാസ്റ്റർ സ്ട്രോക്ക്

പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി
പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ആസന്നമായ രണ്ട് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ, ശാക്തീകരണ പദ്ധതികളുടെ രണ്ടാം പതിപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്‌. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്തും വേതനങ്ങൾ വർധിപ്പിച്ചും കർഷകരെ സന്തോഷിപ്പിച്ചുമെല്ലാമുള്ള തികഞ്ഞ പാക്കേജാണ് പുതിയ പ്രഖ്യാപനം. സർക്കാരിനെ ചൂഴ്ന്ന്‌ വിവാദങ്ങൾ അലയടിക്കുമ്പോഴാണ് പ്രഖ്യാപനങ്ങളെന്നതും ശ്രദ്ധേമയാണ്‌.

പ്രഖ്യാപനങ്ങൾക്ക് തിരഞ്ഞെടുത്ത മുഹൂർത്തവും പ്രധാനമാണ്. പിഎംശ്രീ വിവാദത്തിൽ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാകുകയും സിപിഐക്ക് കീഴടങ്ങേണ്ടിവരുകയും ചെയ്ത ദിവസം കൂടിയാണ് ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ശ്രുതി തലസ്ഥാനം കേന്ദ്രീകരിച്ച് കുറേദിവസമായുണ്ടായിരുന്നു. 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ ക്ഷേമ പെൻഷൻ വർധിപ്പിച്ചിരുന്നു. അന്ന് 1,500 രൂപയാക്കി ഉയർത്തിയ പെൻഷനാണ് (2021-ൽ സർക്കാർ വന്നശേഷം 100 രൂപ കൂടി വർധിപ്പിച്ച് 1600 ആക്കി) ഇപ്പോൾ മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കേ, 400 രൂപകൂടി കൂട്ടി 2,000 രൂപയിലെത്തിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2,500 എന്ന പ്രഖ്യാപനത്തിലേക്ക് ഇനിയും 500 രൂപയുടെകൂടി അകലമുണ്ട്. തദ്ദേശ തിഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻതന്നെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി വരാനുണ്ടെന്ന കാര്യം ഇതോട് ചേർത്തുവായിക്കാം.

കോവിഡിനെത്തുടർന്ന് ആളുകളുടെ ഉപജീവനമാർഗങ്ങൾ നിലച്ചുപോയ സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യകിറ്റുകൾ പ്രഖ്യാപിച്ചും അവ വിതരണം ചെയ്തും ജനങ്ങൾക്ക് നൽകിയ കരുതലാണ് തുടർഭരണത്തിലേക്ക് നയിച്ച പ്രധാനഘടകം. റേഷൻ കാർഡ് ഉടമകൾക്കെല്ലാം ഈ ആനുകൂല്യം ലഭിച്ചിരുന്നു. പ്രളയഘട്ടത്തിലും സർക്കാർ മുന്നിൽനിന്ന് നയിച്ചു. ക്ഷേമ പെൻഷനും സൗജന്യ കിറ്റ് വിതരണവും 2021-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളായി വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ജനക്ഷേമ പ്രഖ്യാപനങ്ങളുടെ ‘മിനിബജറ്റ്’ നിർണായകമാകുന്നത്‌. 

പെൻഷൻ, കിറ്റ് തുടങ്ങിയ വൻ സഹായങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല, അവ പരമാവധി മുടങ്ങാതെ വിതരണം ചെയ്യാൻ കഴിഞ്ഞതും ഒന്നാം പിണറായി സർക്കാരിന്റെ നേട്ടമായി വാഴ്ത്തപ്പെട്ടു. ഇക്കാലയളവിനിടെ പാർശ്വവത്കൃതരോ ദുർബലരോ ആയ വിഭാഗങ്ങൾക്ക് സർക്കാരിലുള്ള മതിപ്പും വിശ്വാസ്യതയും കൂടി എന്നത് കാണാതിരുന്നുകൂടാ.

ചുരുക്കത്തിൽ കോവിഡ് പ്രതിരോധത്തോടനുബന്ധിച്ചുള്ള ഭക്ഷ്യസുരക്ഷാ നടപടികളും ക്ഷേമ പെൻഷൻ കാര്യക്ഷമമായി വിതരണം ചെയ്തതുമാണ് രണ്ടാം പിണറായി സർക്കാരിന്റെ അടിത്തറ. മഹാമാരിപോലുള്ള ഒരു സാഹചര്യം മുന്നിലില്ലാത്തതിനാൽ  അന്നത്തെ കിറ്റിന് പകരം ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയാണ് ഇത്തവണ. ആയിടത്തേക്കാണ് ക്ഷേമ പെൻഷൻ ലഭിക്കാത്തവരെക്കൂടി കൈയിലെടുക്കാനുള്ള സർക്കാരിന്റെ പുതിയ പ്രഖ്യാപനം വരുന്നത്.

സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാത്ത 35-60 വയസ്സ് പ്രായപരിധിയിലുള്ള റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങളിൽ (മഞ്ഞ/പിങ്ക് കാർഡ്) ഉൾപ്പെടുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപകൂടി ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തവണ. ട്രാൻസ്‌വുമൺ അടക്കമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 33.34 ലക്ഷം സ്ത്രീകൾ ഈ പദ്ധതിയുടെ ഉപഭോക്താക്കളാകും. ബിഹാറിലും മധ്യപ്രദേശിലും തുടർഭരണത്തിന് കരുത്തായത് സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളായിരുന്നു. ആ മാതൃകയിലാണ് പാവപ്പെട്ട കുടുംബങ്ങളിലെ മറ്റ് ക്ഷേമപെൻഷനുകളില്ലാത്തവർക്ക് പുതിയ 1000 രൂപ പ്രതിമാസമുള്ള പെൻഷൻ കൊണ്ടുവരുന്നത്‌. പ്രതിവർഷം 3,800 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവിടുക.

കൂടാതെ യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പായി 1000 രൂപ, പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം ആയിരം രൂപയാക്കിയുള്ള വർധന, ഗസ്റ്റ് ലക്ചറർമാരുടെ വേതനം 2,000 രൂപ വരെയുള്ള വർധന, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഒരു ഗഡു (4 ശതമാനം) കൂടി നൽകുമെന്ന പ്രഖ്യാപനം, ആശമാരുടെ ഓണറേറിയം 1,000 രൂപ കൂട്ടിയത് തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോന്നതാണ്. നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി, റബ്ബർ താങ്ങുവില 200 രൂപയാക്കി കർഷകരെക്കൂടി ഉൾക്കൊള്ളുന്ന ക്ഷേമ പാക്കേജ് തയ്യാറാക്കിയതും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള മാസ്റ്റർ സ്ട്രോക്കാണ്. 

വിവാദങ്ങളുടെ കറ മായ്ച്ച് പ്രതിഛായ മെച്ചപ്പെടുത്താനും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ജനവിശ്വാസം വീണ്ടെടുക്കാനുമുള്ള സുപ്രധാന ചുവടുവെയ്പാണ് ഈ പ്രഖ്യാപനങ്ങൾ. ഇനി ഏത് നിമിഷവും തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കാം.