മലപ്പുറം പരാമർശം: പുതിയ പോർമുഖം തുറന്ന് സർക്കാരും ഗവർണറും

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും | ഫോട്ടോ: ഉണ്ണികൃഷ്ണൻ\മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും | ഫോട്ടോ: ഉണ്ണികൃഷ്ണൻ\മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഗവർണർ വിശദീകരണം തേടിയത് സർക്കാരുമായി പുതിയ പോർമുഖം തുറന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവർണർ നൽകിയ മറുപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഗവർണർക്ക് വിശദീകരണം നൽകാതിരുന്നത്.

മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.

മലപ്പുറം പരാമർശത്തിൽ ഈമാസം മൂന്നിന് ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിലും വിശദാംശം തേടി മൂന്നാഴ്ചമുമ്പ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രണ്ടിലും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഫോൺ ചോർത്തൽ ആരോപണത്തിൽ വൈകാതെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. മലപ്പുറം വിഷയത്തിൽ മറുപടി നൽകാത്തതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.

ഭരണഘടനാബാധ്യത തനിക്കുണ്ടെന്ന് ഗവർണർ

’ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചുമാണ് താൻ വിവരങ്ങൾ ആരാഞ്ഞത്. ഹവാല പണമിടപാടും സ്വർണക്കടത്തും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് വെറും ഭരണപരമായ കാര്യമായി ഒതുക്കാനാവില്ല. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ട ഭരണഘടനാപരമായ ബാധ്യത തനിക്കുണ്ട്. ചീഫ് സെക്രട്ടറിയോട് ഇത്തരം വിവരം തേടുന്നത് ഭരണഘടനാ വിരുദ്ധമോ ഭരണഘടനയുടെ ധാർമികതയ്ക്ക് നിരക്കാത്തതോ അല്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരായ സമീപനവുമല്ല.

Content Highlights: Kerala Governor Seeks Explanation from CM Over Malappuram Remarks