സസ്യഭക്ഷണം ഗവർണറുടെ വ്യക്തിപരമായ തീരുമാനം, ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തിയിട്ടില്ലെന്ന് ലോക്ഭവൻ

#ന്യൂസ് ഡെസ്ക്
കേരള ഗവർണറായി ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത ഓം പ്രകാശ് മാഥൂറിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ പൂച്ചെണ്ട് നൽകി അനുമോദിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സമീപം  | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
കേരള ഗവർണറായി ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത ഓം പ്രകാശ് മാഥൂറിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ പൂച്ചെണ്ട് നൽകി അനുമോദിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

തിരുവനന്തപുരം: മാംസാഹാരം വിലക്കിയുള്ള പുതിയ ഗവർണർ ഓം പ്രകാശ് മാഥുറിന്റെ ആദ്യ പരിഷ്‌കാരം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദത്തിന് പിന്നാലെ പോകേണ്ടതില്ലെന്ന് ഗവർണർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അടുക്കളയിൽ സസ്യാഹാരങ്ങൾമാത്രമേ പാകം ചെയ്യുകയുള്ളൂവെന്ന് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ എഴുതിയ വിശദീകരണത്തിൽ പറയുന്നു.

ലോക്ഭവനിലെ അടുക്കള ഗവർണർക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം പാകംചെയ്യാൻവേണ്ടിയുള്ളതാണ്. അവിടെ എന്ത് പാകംചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറുടെ താത്പര്യവും ഇഷ്ടങ്ങളും അനുസരിച്ചാണ്. ഇതിനെ ജീവനക്കാരുടെ ഭക്ഷണശീലവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നാണ് ശ്രീകുമാർ വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം വിശദമായി ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ലോക്ഭവനിലെ ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടിൽനിന്ന് കൊണ്ടുവന്ന് കഴിക്കുന്നതിലോ വിലക്കില്ല. അതിനാൽ ഇത് ലോക്ഭവനിലെ ജീവനക്കാരുടെ ഭക്ഷണശീലത്തെ ആകെ വിലക്കി എന്നതരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഗവർണറുടെ ഭക്ഷണശീലത്തെ ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ശ്രീകുമാർ വിശദീകരിക്കുന്നു.

Content Highlights: Governor Om Prakash Mathur's office clarifies the vegetarian-only kitchen policy., The restriction applies only to the Lok Bhavan kitchen, not to employees' personal food habits.