വി.സി. നിയമന തർക്കം: മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി, സമവായമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ (വി.സി.) നിയമനത്തിൽ ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെ സമവായ ചർച്ചകൾക്കായി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ലോക്ഭനിലെത്തി ഗവർണറെ കണ്ടെങ്കിലും തർക്കത്തിൽ സമവായം ഉണ്ടായില്ല. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമവായത്തിലെത്താൻ മന്ത്രിമാർ ബുധനാഴ്ച രാവിലെ ലോക്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവിൽ മന്ത്രിമാർ ഇവിടെ നിന്നും മടങ്ങി.
വി.സി. നിയമന തർക്കത്തിൽ ഡോ. സിസാ തോമസിനെ എതിർക്കുന്ന സർക്കാർ നിലപാടിനെ ഖണ്ഡിക്കാൻ ഗവർണർ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് മിടുക്കിയാണ് എന്ന് സർക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവർണറുടെ പ്രധാന നിലപാട്. ടെക്നോ പാർക്കിന്റെയും ഇൻഫോ പാർക്കിന്റെയും സി.ഇ.ഒ.യെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ സർക്കാർ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്‌പേസ്, ഇക്ഫോസ്, കെ-ഫോൺ എന്നിവയുടെ നേതൃനിരയിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റൽ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ സിസാ തോമസിനെ സർക്കാർ അംഗമാക്കിയിരുന്നു. സർക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സർക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിർക്കുന്നതെന്ന് ഗവർണർ ആരാഞ്ഞതായാണ് വിവരം.
അതേസമയം, ഡിജിറ്റൽ സർവകലാശാലയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച സജി ഗോപിനാഥിനെ എന്തുകൊണ്ട് എതിർക്കുന്നു എന്നതിനും ഗവർണർ വിശദീകരണം നൽകി. സജി ഗോപിനാഥിനെ കുറിച്ചുള്ള വിശദമായ തെളിവുകളും രേഖകളും ഉൾപ്പെടെയുള്ള വിശദീകരണം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ തനിക്ക് ഉദ്ദേശമില്ലാത്തതിനാൽ, ഇതേക്കുറിച്ച് പൊതുവായി പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവർണർ അറിയിച്ചു.
വി.സി. നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് (ചാൻസലർക്ക്) നൽകിയ പട്ടികയിൽ നിന്നുതന്നെ വി.സി. നിയമനം നടത്തണം എന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. സർക്കാർ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ശ്രദ്ധയിൽ ഈ ചർച്ചാവിവരങ്ങൾ കൊണ്ടുപോകുമെന്നും മന്ത്രിമാർ അറിയിച്ചു.
വി.സി. നിയമനത്തിൽ സമവായത്തിലെത്തിയില്ലെങ്കിൽ സുപ്രീം കോടതി നേരിട്ട് ഈ രണ്ട് സർവകലാശാലകളിലും വി.സി.മാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ, സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ പോലും വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഈ വിഷയം വരുമ്പോഴായിരിക്കും ഒരു ഏക അഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കാൻ സാധ്യതയുള്ളത്.
Content Highlights: Kerala Governor and State Govt fail to reach consensus on VC appointments for Tech/Digital Universities after crucial Raj Bhavan talks. Supreme Court`s intervention looms.