വൈദ്യുതി പ്രതിസന്ധിയുണ്ടോ?കെ.എസ്.ഇ.ബിയോട് റിപ്പോർട്ട് തേടി സർക്കാർ

#പ്രത്യേക ലേഖകൻ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള തർക്കം തുടരുന്നതിനിടെ കെ.എസ്.ഇ.ബി.യിൽനിന്ന് റിപ്പോർട്ട് തേടി സർക്കാർ. പ്രതിസന്ധിയുണ്ടോയെന്ന് വ്യക്തമാക്കാനാണ് ഊർജവകുപ്പ് സെക്രട്ടറി അയച്ച കത്തിലെ ആവശ്യം. വൈദ്യുതി പ്രതിസന്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് മന്ത്രി സണ്ണി ജോസഫ് നിരന്തരം പറയുമ്പോഴാണിത്. ജി.എൻ.എ. പോലുള്ള സംവിധാനങ്ങളിൽനിന്ന് ഉഭയകക്ഷി ധാരണയിൽ വൈദ്യുതി വാങ്ങുന്നതിന്റെ നിയമപരമായ പ്രശ്നങ്ങൾ വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലാത്തതുകൊണ്ടാണ് സ്വകാര്യ പ്ലാറ്റ്‌ഫോം ആയ ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. പ്രതിസന്ധിയുണ്ടെന്ന് കെ.എസ്.ഇ.ബി. പറഞ്ഞത് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ട് തേടുന്നത്.

മുഖ്യമന്ത്രിയുടെ വാദത്തെ എതിർത്ത സണ്ണി ജോസഫ് ജി.എൻ.എ. കരാർ വിവാദമായപ്പോൾ അതിൽനിന്ന് തലയൂരാനാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വരുത്തിത്തീർക്കുന്നത് എന്ന് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. നിയമപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

ഡോ. രാജമാണിക്യം ചെയർമാനായിരുന്നപ്പോഴാണ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് റിപ്പോർട്ട് നൽകിയത്. ജി.എൻ.എ. കരാർ വേണ്ടെന്നുവാദിച്ച അദ്ദേഹത്തെ സർക്കാർ സ്ഥലംമാറ്റി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിഗമനങ്ങൾ പരിഗണിച്ച് കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയാണ് വൈദ്യുതി ആവശ്യകത വിലയിരുത്തുന്നത്. ചെയർമാൻ നേരിട്ടല്ല. കരാർ വിവാദമായപ്പോൾ ഇത്തരത്തിൽ കോർ കമ്മിറ്റി ചേരാതെയാണ് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് അറിയിച്ചത്.

ജി.എൻ.എ. കമ്പനിയിൽ വൈദ്യുതി ലഭ്യമാണെന്ന് ആദ്യം സർക്കാരിനെ അറിയിച്ചത് ചീഫ് സെക്രട്ടറി വഴിയാണെന്ന വിവരം പുറത്തുവന്നു. ഒക്ടോബർ 13-നാണ് ചീഫ് സെക്രട്ടറി ഇതേക്കുറിച്ച് സർക്കാരിനെ അറിയിച്ചത്. ജി.എൻ.എ. കമ്പനിയുടെ അറിയിപ്പ് കത്തുവഴി കെ.എസ്.ഇ.ബി.ക്ക്‌ ലഭിച്ചത് 10 ദിവസത്തിനുശേഷമാണ്. ഈ കത്ത് ഫയലിന്റെ ഭാഗമാക്കിയിരുന്നില്ല. ട്രേഡിങ് ലൈസൻസ് ഇല്ലാത്ത പ്ളാറ്റ്ഫോമുകൾ ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം നൽകുന്നത് ചട്ടവിരുദ്ധമാണ്.

Content Highlights: Kerala government seeks report from KSEB amid ongoing dispute over the state power crisis and GNA agreement