ഇന്ധനവില ഉയരുന്നതിലെ ഇംപാക്ട് നിരീക്ഷിക്കുന്നുണ്ട്, തീരുമാനങ്ങൾ ഉണ്ടാകും- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്‌ക്
മുഖ്യമന്ത്രി വി.ഡി.സതീശന്‍
മുഖ്യമന്ത്രി വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇന്ധനവില വർദ്ധന സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുടർച്ചയായ വിലക്കയറ്റം മൂലം നികുതി വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ധനകാര്യ വകുപ്പ് വിശദമായ പഠനം നടത്തിവരികയാണ്. നിലവിൽ ദിവസേന വില മാറുന്ന സാഹചര്യമായതിനാൽ, സ്ഥിതിഗതികൾ ഒരു നിശ്ചിത തലത്തിൽ എത്തിയ ശേഷം മാത്രമേ അന്തിമമായ പരിഹാര നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി വരാനിരിക്കുന്ന തീരുമാനങ്ങൾ ഈ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. ഇന്ധനവില എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ട്. എല്ലാ ദിവസവും തീരുമാനങ്ങൾ മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാൽ, വിലയിൽ  കൃത്യമായ രൂപം വന്നതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വീണ്ടും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനയായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചത്.

നാല് വർഷത്തോളമായി വലിയ മാറ്റമില്ലാതിരുന്ന രാജ്യത്തെ ഇന്ധനവില പത്തു ദിവസത്തിനിടെ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്.

അതേസമയം, ആഗോള വിപണയിൽ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാൻ ചർച്ചകൾ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

Content Highlights: Government is monitoring the impact of daily fuel price fluctuations on common citizens., Finance department is conducting a detailed study on tax revenue changes., Final relief measures will be decided once fuel prices stabilize., Significant fuel price hikes reported in the last two weeks., Global Brent crude oil prices have seen a decline of 5.1%.