'വി.സിയുടെ കാലാവധി കഴിഞ്ഞെന്ന് ചാൻസലർ'; കുഫോസ് വൈസ് ചാൻസലർ കേസ് തീർപ്പാക്കി സുപ്രീം കോടതി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
ഫോട്ടോ: സാബു സ്കറിയ
ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാൽ കേസ് തീർപ്പാക്കണമെന്ന് ചാൻസലർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ചാൻസലർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. തുടർന്ന് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധേ എന്നിവർ അടങ്ങിയ ബെഞ്ച് തീർപ്പാക്കി.

കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ മുൻ സംസ്ഥാന സർക്കാരും പുറത്താക്കപ്പെട്ട വൈസ് ചാൻസലർ കെ. റിജി ജോണുമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. 2024-ൽ ആണ് ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതിയിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഈ ഹർജി വിവിധ ദിവസങ്ങളിൽ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും, വിശദമായ വാദം കേൾക്കൽ നടന്നിരുന്നില്ല.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ ചാൻസലറായ ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വൈസ് ചാൻസലറുടെ കാലാവധി കഴിഞ്ഞെന്നും അതിനാൽ ഈ കേസിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു. കോടതിയും ഇതിനോട് യോജിച്ചു. തുടർന്നാണ് ഹർജി തീർപ്പാക്കിയത്. ഹർജിയിൽ ഉന്നയിച്ച നിയമ പ്രശനങ്ങൾ ഉചിതമായ മറ്റ് ഏതെങ്കിലും കേസുകളിൽ ഉന്നയിക്കാൻ അവസരം നൽകിയാണ് ഹർജി തീർപ്പാക്കിയത്. 2021 ജനുവരിയിൽ അഞ്ച് വർഷത്തേക്കാണ് റിജി ജോൺനെ കുഫോസ് വിസി ആയി നിയമിച്ചത്. ഈ കാലാവധി 2026 ജനുവരിയിൽ അവസാനിച്ചിരുന്നു.

'നിലപാട് അറിയാൻ രണ്ട് ആഴ്ചത്തെ സമയം വേണം' രജിസ്ട്രാർക്ക് സർക്കാർ അഭിഭാഷകന്റെ കത്ത്

കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അഭിഭാഷകൻ കത്ത് നൽകിയിരുന്നു. സുപ്രീം കോടതി രജിസ്ട്രാർക്ക് സർക്കാർ സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖിയാണ് കത്ത് നൽകിയിരുന്നത്. കേസിൽ സർക്കാർ നിലപാട് അറിയാൻ ആയിരുന്നു സമയം തേടിയതെന്ന് കത്തിൽ മർസൂഖ് വ്യക്തമാക്കിയിരുന്നു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആയിരുന്നു ഈ കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്നു. കേരളത്തിൽ ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ സർക്കാർ നിലപാടിൽ മാറ്റം ഉണ്ടാകുമോ എന്ന ആകാംക്ഷ നിലനിന്നിരുന്നു. ഇതിനിടയിലാണ് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിക്ക് കത്തു നൽകിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ സയ്യദ് മർസൂഖ് ബാഫഖിയാണ് സുപ്രീം കോടതിയിൽ ഇന്ന് ഹാജരായത്. കെ. റിജി ജോണിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷക ആൻ മാത്യു എന്നിവർ ഹാജരായി. എതിർ കക്ഷിക്കാരനായ കെ.കെ. വിജയന് വേണ്ടി അഭിഭാഷകൻ പി.എസ്. സുധീർ ആണ് ഹാജരായത്.

Content Highlights: The Supreme Court resolved the case concerning the appointment of K. Riji John as Vice Chancellor of Kerala Fisheries University, as his term had ended, following a request by the Chancellor represented by Attorney General R. Venkataramani.