മക്കളെ രക്ഷിക്കാൻ മറ്റൊരിടത്തേക്കയച്ച് ബിന്ദു രാത്രി ആ തകർന്ന വീട്ടിലിരിക്കും; കരളലിയിക്കും കാഴ്ച

#ഗോപൻ പുല്ലാട്
തകർന്ന വീടിന് മുകളിൽ വിരിച്ച പടുത വലിച്ചുകെട്ടുന്ന ബിന്ദു | Photo: അരവിന്ദ് ലെനിൻ
തകർന്ന വീടിന് മുകളിൽ വിരിച്ച പടുത വലിച്ചുകെട്ടുന്ന ബിന്ദു | Photo: അരവിന്ദ് ലെനിൻ

പുല്ലാട് (പത്തനംതിട്ട) : സന്ധ്യയാകുമ്പോൾ മനസ്സില്ലാമനസ്സോടെ പോകാൻ മടിച്ച് നന്ദുവും യദുവും നിൽക്കും. അമ്മയെ ഒറ്റയ്ക്കാക്കി എങ്ങോട്ടുമില്ലെന്ന് പറയും. പക്ഷേ, മക്കളുടെ ദേഹത്ത് ഒരുതരിമണ്ണ് വീഴുന്നതുപോലും താങ്ങാനാവാത്ത ബധിരയായ ആ അമ്മയുടെ നിർബന്ധത്തിനുമുന്നിൽ അവർ ഒടുവിൽ വഴങ്ങും. മറ്റൊരു വീട്ടിൽ അന്തിയുറങ്ങാൻ യാത്രപറഞ്ഞിറങ്ങും. തകർന്നവീട്ടിൽ മനമിടറി ബിന്ദു മയങ്ങാൻ ശ്രമിക്കും.

ആരുടേയും കണ്ണ് നനയിക്കുന്നതാണ് പുല്ലാട് ആന്താലിമൺ തോട്ടുങ്കൽ വീട്ടിലെ ഈ കാഴ്ച. ലോഡിങ് തൊഴിലാളിയായിരുന്ന ഭർത്താവ് എൻ. മധു അഞ്ചുവർഷം മുമ്പാണ് മരിച്ചത്. അതുവരെ വാടകവീട്ടിലായിരുന്ന ഇവർ, കുടുംബവീട്ടിലേക്ക് മാറി. രണ്ടുമുറിയും അടുക്കളയും ഉള്ള ഈ വീട് കാലപ്പഴക്കത്താൽ നാശാവസ്ഥയിലായിരുന്നു. മൂന്നാഴ്ചമുമ്പുണ്ടായ കനത്തമഴയിൽ വീടിന്റെ കുറെഭാഗം തകർന്നുവീണു. മേൽക്കൂര ദ്രവിച്ചതിനെ തുടർന്ന് പടുതായിട്ടിരിക്കുകയായിരുന്നു. അതും നിലംപൊത്തി.

കേൾവി പരിമിതിയുള്ള ബിന്ദു മക്കളെ ദിവസവും സന്ധ്യയ്ക്ക് സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറ്റും. പൊളിഞ്ഞുവീണ അടുക്കളയുടെ ഒരുഭാഗത്ത് അടുപ്പുകൂട്ടിയാണ് ആഹാരമുണ്ടാക്കുന്നത്. ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന അവശേഷിക്കുന്ന ഒരുമുറിയിലാണ് ബിന്ദു അന്തിയുറങ്ങുന്നത്.

കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയവർ, ഇവിടെ താമസിക്കരുതെന്ന് ബിന്ദുവിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ വാടകയ്ക്ക് വീടെടുക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാൽ ഇവിടെത്തന്നെ തുടരുകയാണ്. മൂത്തമകൻ നന്ദുകുമാർ, മുത്തശ്ശി പണം നൽകിയതിനാൽ ബിരുദപഠനം പൂർത്തിയാക്കി. യദുകൃഷ്ണൻ പ്ലസ് ടു പൂർത്തിയാക്കിയെങ്കിലും പണമില്ലാത്തതിനാൽ തുടർവിദ്യാഭ്യാസം മുടങ്ങി. ബിന്ദു ഇടയ്ക്ക് കൂലിവേലയ്ക്ക് പോയാണ് കുടുംബം പോറ്റുന്നത്.

ജീവിച്ചിരുന്നപ്പോൾ വീടിനായി മധു പലതവണ അധികൃതരെ സമീപിച്ചിരുന്നു. പൊളിഞ്ഞുവീഴാറായ വീടിന് അറ്റകുറ്റപ്പണിക്കുള്ള തുക നൽകാമെന്ന് പഞ്ചായത്ത് പറഞ്ഞെങ്കിലും നാശാവസ്ഥയിലുള്ള വീടിന് അറ്റകുറ്റപ്പണി ചെയ്തിട്ട് കാര്യമില്ലാത്തത് കൊണ്ട് തുക വാങ്ങിയില്ല. വില്ലേജിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്തിന് നൽകിയെന്നാണ് അധികൃതർ പറയുന്നത്. നാലാം വാർഡിന്റെ പിഎംഎവൈ മുൻഗണനപ്പട്ടികയിൽ വന്നാൽ മാത്രമേ ബിന്ദുവിന് വീട് അനുവദിക്കാൻ ആവുകയുള്ളൂ എന്നും ഇവർ വിശദീകരിക്കുന്നു.

Content Highlights: Family Faces Homelessness in Pathanamthitta: Deaf Mother and Sons Struggle in Dilapidated House