ഹോർമുസിലെ ‘കുടുക്കിൽ’പ്പെട്ട് കേരളത്തിൽനിന്നുള്ള കോടികളുടെ ചരക്ക്; പച്ചക്കറികളടക്കം നടുക്കടലിൽ

മട്ടാഞ്ചേരി: ഹോർമുസ് കടലിടുക്കിലെ ‘കുടുക്കിൽ’പ്പെട്ട് സംസ്ഥാനത്തെ കയറ്റുമതി മേഖല സ്തംഭനത്തിൽ. മാസങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്ന് കയറ്റിയയച്ച ചരക്കുകൾ പോലും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. പുതിയ ഉത്പന്നങ്ങൾ കയറ്റിയയക്കാനാകുന്നില്ല. ഓണം മുന്നിൽക്കണ്ട് ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും അയച്ച ഉത്പന്നങ്ങളിലേറെയും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. പച്ചക്കറി ഉൾപ്പെടെ കേടാകുന്ന വസ്തുക്കളും കൂട്ടത്തിലുണ്ട്. ഇതൊക്കെ ഇനി ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയുണ്ട്. വിദേശരാജ്യങ്ങളിലെ ഓണം ലക്ഷ്യമാക്കിയുള്ള വ്യാപാരമാകെ തകർന്നു. കോടികളുടെ ഉത്പന്നങ്ങളാണ് കടലിൽ കെട്ടിക്കിടക്കുന്നത്.
ക്രിസ്മസ്-പുതുവർഷ കാലത്തെ ആവശ്യങ്ങൾക്കായി ഉത്പന്നങ്ങൾ കയറ്റിയയക്കേണ്ട സമയമെത്തിക്കഴിഞ്ഞു. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, കമ്പനികൾ കയറ്റുമതിയിൽ നിന്ന് പിന്മാറുകയാണ്. സമുദ്രോത്പന്ന വ്യവസായ മേഖലയിലും ആശങ്ക പടരുന്നു. കോടികളുടെ കയറ്റുമതിയാണ് ഈ മേഖലയിൽ നടക്കുന്നത്. ശേഖരിച്ചുവെച്ച സമുദ്രോത്പന്നങ്ങൾ കയറ്റി അയക്കാനാകുന്നില്ല. കയറ്റുമതി ഒരു 'സാഹസ'മായി മാറുന്നതിനാൽ കമ്പനികൾ പിന്നാക്കം പോകുകയാണ്. കമ്പനികളെ ആശ്രയിച്ചുനിൽക്കുന്ന മത്സ്യത്തൊഴിലാളികളെയും ഇത് ബാധിക്കുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽനിന്ന് പോയ ഒരു കപ്പൽ സമയത്ത് എത്തില്ലെന്ന് ഉറപ്പായപ്പോൾ, ചരക്ക് മുംബൈ തുറമുഖത്ത് ഇറക്കിവെച്ചു. അതിന് ഡമറേജ് ചാർജുകൾ കൂടി. ഇപ്പോൾ ചരക്ക് തിരിച്ചെടുക്കാൻകഴിയാത്ത സ്ഥിതിയായി. കോടികളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
കപ്പൽ ചാർജ്ജും കുതിക്കുന്നു
ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു കണ്ടെയ്നർ അയക്കുന്നതിന് 700 ഡോളറായിരുന്നു ലൈനർ ചാർജ്ജ്. പുതിയ സാഹചര്യത്തിൽ അത് 1500 ഡോളർ വരെയായി. യൂറോപ്യൻ രാജ്യങ്ങളിലേക്ക് അതിനേക്കാൾ ഉയർന്ന ചാർജ്ജാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകൾ അഞ്ചുദിവസം കൊണ്ട് എത്തുമായിരുന്നു. ഇപ്പോൾ ഒരു മാസം കഴിഞ്ഞിട്ടും ചരക്ക് എത്താത്ത സ്ഥിതിയുണ്ട്. പലപ്പോഴും ചരക്കുമായി കപ്പലുകൾക്ക് മറ്റ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കേണ്ടിവരുന്നു. ഇത് കപ്പൽ ചാർജ്ജ് കുത്തനെ ഉയരാനിടയാക്കും. കൂടിയ കയറ്റുമതിച്ചെലവിനൊപ്പം ഈ ചെലവുകളും വരും. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും അനിശ്ചിതത്വത്തിലാണ്.
മടങ്ങിവരാത്ത കണ്ടെയ്നറുകൾ
ആയിരക്കണക്കിന് കണ്ടെയ്നറുകൾ കടലുകളിൽ കിടക്കുകയാണ്. പുതിയ ചരക്കുകയറ്റാൻ കാലി കണ്ടെയ്നറുകൾ കിട്ടാനില്ല. കയറ്റിയയച്ച ചരക്ക് അവിടെ സ്വീകരിച്ചശേഷമാണ് കാലി കണ്ടെയ്നറുകൾ തിരിച്ചയക്കുന്നത്. സമുദ്രോത്പന്ന വ്യവസായങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയെ നേരിടുകയാണ്. സമുദ്രോത്പന്നങ്ങൾ സൂക്ഷിക്കാൻ റഫ്രിജറേഷനുള്ള കണ്ടെയ്നറുകളാണ് വേണ്ടത്. അതും കിട്ടാനില്ല.
Content Highlights: Export sector in Kerala is paralyzed due to the Hormuz Strait crisis., Onam and upcoming Christmas-New Year shipments are heavily delayed or stranded., Liner charges have doubled from $700 to $1500 for Gulf countries., Severe shortage of empty and refrigerated containers for seafood and perishables., Companies facing massive financial losses and demurrage charges.