പദ്ധതിരേഖയിൽ വീണ്ടും ആണവനിലയം; 20,000 കോടിയുടെ മിഷൻ; സർക്കാരിന്റെ ഔദ്യോഗികനയമായി

തിരുവനന്തപുരം: ഭാവി ആവശ്യങ്ങൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചെറുകിട ആണവനിലയങ്ങളുടെ (സ്മോൾ മോഡുലാർ റിയാക്ടർ) സാധ്യതതേടി കേരളം. 15-ാം പഞ്ചവത്സരപദ്ധതിയിൽ (2027-32) ‘പുതുയുഗ കേരള’ത്തിനായി ആസൂത്രണബോർഡ് പ്രസിദ്ധീകരിച്ച കരട് സമീപനരേഖയിലാണ് നിർദേശം. സമീപനരേഖയിൽ വന്നതോടെ ഇത് സർക്കാരിന്റെ ഔദ്യോഗികനയമായി.
സ്മോൾ മോഡുലാർ റിയാക്ടറുകളുടെ പ്രായോഗികത, സുരക്ഷ, സ്ഥാപിക്കേണ്ട സ്ഥലം, വൈദ്യുതഗ്രിഡിനെ എങ്ങനെ ബാധിക്കും എന്നിവ സംസ്ഥാനം വിലയിരുത്തും. ആണവനിലയം കേന്ദ്രവിഷയമാണെങ്കിലും റിയാക്ടറുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിലും ഗ്രിഡ് സജ്ജമാക്കുന്നതിലും സംസ്ഥാനങ്ങൾക്കുപങ്കുണ്ടെന്ന് രേഖയിൽ പറയുന്നു.
സമീപനരേഖ പറയുന്നു
‘കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയിൽ ഭൂരിഭാഗവും പുറത്തുനിന്ന് കൊണ്ടുവരുകയാണ്. വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയാണ് കുറവ് പരിഹരിക്കുന്നത്. ജലവൈദ്യുതപദ്ധതികളുടെ ആകെ ഉത്പാദനം 2134 മെഗാവാട്ട് മാത്രം. ഈ ഏപ്രിലിൽ രാത്രികാല ഉപഭോഗം 6135 മെഗാവാട്ടായി. സോളാർ വൈദ്യുതിയുത്പാദനം 2382.34 മെഗാവാട്ടായി ഉയർന്നെങ്കിലും ശേഖരിക്കാനാവുന്നില്ല. ആകർഷകമായ വിലയിൽ വൈദ്യുതി ലഭ്യമാക്കിയില്ലെങ്കിൽ ഉത്പാദനരംഗത്തെ നിക്ഷേപങ്ങളെ ബാധിക്കും. അത് പരിഹരിക്കുകയാണ് 15-ാം പദ്ധതിക്കാലത്തെ ഊർജ മേഖലയിലെ ലക്ഷ്യം’.
എതിർപ്പിന്റെ അരനൂറ്റാണ്ട്
ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ കേരളത്തിൽ 1970-കളുടെ അവസാനംമുതൽ ജനകീയപ്രതിഷേധമുണ്ട്. പെരിങ്ങോമിലും ചീമേനിയിലും നിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരം നടന്നു. രാഷ്ട്രീയനേതൃത്വത്തിൽ സമവായമുണ്ടായാൽ ആണവനിലയം സ്ഥാപിക്കുമെന്ന് അടുത്തിടെ മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതിബോർഡും വകുപ്പും ഇതിനായി ഊർജിതശ്രമം നടത്തി. അതിരപ്പിള്ളിയും ചീമേനിയും അനുയോജ്യസ്ഥലങ്ങളായി വിലയിരുത്തി. ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ചർച്ചയും നടന്നു. സ്ഥലം തിരഞ്ഞെടുത്താൽ ആണവനിലയം അനുവദിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രിയും വ്യക്തമാക്കി. ചീമേനിയാണ് കേന്ദ്രം കണ്ടത്. എതിർപ്പുപേടിച്ച് അതിനെ പ്രത്യക്ഷത്തിൽ സർക്കാർ പിന്തുണച്ചില്ല. സമവായമുണ്ടെങ്കിലേ തീരുമാനിക്കൂ എന്നായിരുന്നു പുറമേയുള്ള നിലപാട്. ചർച്ചയില്ലാതെ തീരുമാനത്തിലേക്ക് എടുത്തുചാടരുതെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ പറഞ്ഞത്.
കേന്ദ്രത്തിന് 20,000 കോടിയുടെ മിഷൻ
2025-26ലെ കേന്ദ്രബജറ്റിൽ സ്മോൾ മോഡുലാർ റിയാക്ടർ (എസ്.എം.ആർ.) വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും 20,000 കോടിയുടെ മിഷൻ പ്രഖ്യാപിച്ചിരുന്നു. 2033-ഓടെ രാജ്യം തനതായി വികസിപ്പിച്ച അഞ്ച് റിയാക്ടറുകളെങ്കിലും പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. ആണവനിലയം സ്ഥാപിക്കുന്ന സംസ്ഥാനങ്ങൾക്ക് അവയിൽനിന്നുള്ള വൈദ്യുതിക്ക് മുൻഗണനനൽകാനുള്ള കേന്ദ്രതീരുമാനവും കേരളത്തെ ഇതിലേക്ക് ആകർഷിക്കുന്നു.
സ്മോൾ മോഡുലാർ റിയാക്ടർ
പഴയ ആണവനിലയങ്ങളിൽനിന്ന് വ്യത്യസ്തമായി, ഘടകങ്ങൾ ഫാക്ടറികളിലുണ്ടാക്കി മറ്റൊരു സ്ഥലത്ത് ഘടിപ്പിക്കുന്ന, കുറഞ്ഞ സ്ഥാപിതശേഷിയുള്ള റിയാക്ടറുകൾ.
Content Highlights: Kerala is exploring Small Modular Reactors (SMRs) for future power generation in the 15th Five-Year Plan (2027-32)., The state faces a high power deficit, heavily relying on outside sources and managing via power cuts., Central budget has allocated a 20,000 crore mission for SMR development by 2025-26, attracting Kerala to the initiative.