ലഹരിക്കെതിരേ 'ഡിജിറ്റൽ റെയ്ഡ്'; സോഷ്യൽമീഡിയ പിടിക്കാൻ എക്‌സൈസ്, ‘സാമൂഹിക മാധ്യമ’ ഓഫീസർമാർ വരും

കാസർകോട്: ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ ഇനി എക്സൈസ് വകുപ്പിനെ കിട്ടില്ല. ലഹരിക്കെതിരേയുള്ള പോരാട്ടം ഡിജിറ്റൽ ലോകത്തേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് വകുപ്പ്.
നിലവിൽ ഒൗദ്യോഗികമായി ഒാരോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മാത്രമാണ് വകുപ്പിനുള്ളത്. ഇതിനുപുറമേ സോൺ, ജില്ല, സർക്കിൾ, റെയ്‌ഞ്ച് തലത്തിലും സ്പെഷ്യൽ, ജനമൈത്രി സ്ക്വാഡുകൾക്കും പ്രത്യേകം സാമൂഹികമാധ്യമ പേജുകൾ വരും. ഒാരോ ഒാഫീസിലും ഈ പേജുകൾ കൈകാര്യം ചെയ്യാൻ ‘സാമൂഹികമാധ്യമ ഒാഫീസർ’മാരെയും നിയോഗിക്കും.
വകുപ്പ് നടപ്പാക്കുന്ന എൻഫോഴ്സ്‌മെന്റ് നടപടികൾ, ലഹരിമോചന പ്രവർത്തനങ്ങൾ തുടങ്ങിയവ കാര്യമായി ജനങ്ങളിലേക്കെത്തക്കാൻ നിലവിലുള്ള രണ്ട് അക്കൗണ്ടുകൾ മതിയാകുന്നില്ലെന്നാണ് വിലയിരുത്തൽ. ഇതിൽ സന്ദേശങ്ങളായും കമന്റുകളായും ലഭിക്കുന്ന പരാതികളുടെ ബാഹുല്യം കാരണം തുടർനടപടികളും സാധ്യമാകുന്നില്ല. ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് കമ്മിഷണർ ശീറാം സാംബശിവ റാവുവിന്റെ നടപടി.
സാമൂഹികമാധ്യമ പേജുകളിലൂടെ കണ്ടന്റ് സംസ്ഥാനതലംമുതൽ താഴേത്തട്ടുവരെ വേഗത്തിലും ഏകീകൃതരൂപത്തിലുമെത്തിക്കാൻ സംസ്ഥാന ഐ.ടി. വിഭാഗം, സാമൂഹികമാധ്യമ സെൽ, ജില്ലാ ഐ.ടി., സൈബർ സെൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ സോൺ, ജില്ലാ തലങ്ങളിൽ അതത് ജോയിന്റ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ പേരിൽ സാമൂഹികമാധ്യമ പേജുകൾ തുടങ്ങും. തുടർന്ന് മറ്റ് ഒാഫീസുകൾക്കും. പേജുകൾക്ക് പൊതുവായ പാറ്റേൺ ഉറപ്പാക്കും. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്, അവർക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയിലും രീതിയിലുമുള്ള ബോധവത്കരണ റീൽസും മീമുകളും വീഡിയോകളും ഈ പേജുകളിൽ നിറയും.
വേറെ ഫോട്ടോയും വീഡിയോയും
:നടപടിയെടുക്കുന്ന എല്ലാ പ്രധാന കേസുകളും മറ്റു പരിപാടികളും ആദ്യം സംസ്ഥാന പേജിൽ നൽകും. അനുമതിയില്ലാതെ പോസ്റ്റ് ചെയ്താൽ കണ്ടന്റ് ഉടൻ നീക്കം ചെയ്യുകയും ബന്ധപ്പെട്ടയാൾക്കെതിരേ നടപടിയെടുക്കുകയും ചെയ്യും. ഒൗദ്യോഗികകൃത്യനിർവഹണത്തിനും സാമൂഹികമാധ്യമങ്ങളിൽ നൽകുന്നതിനും പ്രത്യേകം പ്രത്യേകം ഫോട്ടോയും വീഡിയോയുമെടുക്കാനും നിർദേശമുണ്ട്. പേജുകൾ വഴി ലഭിക്കുന്ന പരാതികളും സ്വീകരിച്ച നടപടികളും രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കും.
Content Highlights: Excise Department expands social media presence to district, zone, and circle levels., Appointment of dedicated 'Social Media Officers' in every office., Targeting youth and students with awareness reels, memes, and videos., Efficient handling of public complaints and enforcement updates online.