‘പാർട്ടിക്ക് പിണറായിയേപോലൊരു മുഖ്യനെ കിട്ടിയേക്കാം, പക്ഷേ കോടിയേരിയെപ്പോലൊരു സെക്രട്ടറിയെ കിട്ടില്ല’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ലെന്ന' പരാമർശവുമായി ബിനീഷ് കോടിയേരി. പിതാവ് കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യുതാനന്ദനും സീതാറാം യെച്ചൂരിയുമായുള്ള ചിത്രവും അദ്ദേഹം ഇതിനു താഴെ പങ്കുവെച്ചു.
കുറിപ്പ്: 'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം. പക്ഷേ, കോടിയേരിയെപ്പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല'. സഖാക്കൾ ഇപ്പോൾ പങ്കുവെച്ച ഒരു വാചകമാണ്.. 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല. ഇതു പാർട്ടിക്ക് എതിരേ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരേ ഉള്ളതാണ്..... -കുറിപ്പിൽ പറയുന്നു'.
അതേസമയം പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് അന്ത്യംകുറിച്ച് യു.ഡി.എഫ്. കൊടുങ്കാറ്റായി തിരിച്ചെത്തി. സർക്കാരിനെതിരായ ജനരോഷ തരംഗത്തിൽ പതിറ്റാണ്ടുകളായി എൽ.ഡി.എഫ്. നിലനിർത്തിയ ഉറച്ചകോട്ടകൾ പൊളിച്ചടുക്കി 102 സീറ്റുമായാണ് യു.ഡി.എഫ്. വിസ്മയവിജയം നേടിയത്. എൽ.ഡി.എഫ്. 35 സീറ്റിൽ ഒതുങ്ങി. 1980-നുശേഷമുള്ള മുന്നണി രാഷ്ട്രീയചരിത്രത്തിൽ 2001-ൽ നേടിയ റെക്കോഡ് (99 സീറ്റ്) മറികടക്കുന്നതാണ് യു.ഡി.എഫിന്റെ ഈ വിജയം. തുടർച്ചയായി മൂന്നാമതും ഭരണം പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ ഏറ്റവുംമോശം പ്രകടനവും.
കേരളത്തിലെ തോൽവിയോടെ അറുപതുവർഷത്തിനിടെ ആദ്യമായി ഇടതുമുന്നണിക്ക് രാജ്യത്ത് ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്ത സ്ഥിതിയായി. 20-ൽ 13 മന്ത്രിമാരും തോറ്റു. കലാപക്കൊടിയുയർത്തി യു.ഡി.എഫിന് കൈകൊടുത്ത വിമതർക്ക് മികച്ചവിജയം സമ്മാനിച്ച് കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽത്തന്നെ അണികൾ സി.പി.എമ്മിന് കടുത്തശിക്ഷ നൽകി. തളിപ്പറമ്പിൽ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ രക്തസാക്ഷിഫണ്ട് പാർട്ടി തട്ടിച്ചെന്ന ആരോപണമുയർത്തിയ വി. കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനും അസാധാരണവിജയം നേടി.
Content Highlights: UDF achieved a historic 102-seat landslide in the 2026 Kerala Assembly elections., Binish Kodiyeri attributes the loss to individual-centric politics within the CPIM., The LDF suffered its worst performance, losing 13 ministers and control of traditional strongholds., For the first time in 60 years, the Left Front holds no state government power in India., Rebel candidates who left the CPIM secured significant victories in key constituencies.