സർക്കാർ സ്ഥാപനങ്ങൾക്ക് ഡേറ്റയിൽനിന്നു വരുമാനം; സംസ്ഥാന കരട് ഡേറ്റാ നയം പുറത്ത്

തിരുവനന്തപുരം: ശേഖരിക്കുന്ന ഡേറ്റയിൽനിന്ന് വരുമാനം കണ്ടെത്താൻ സർക്കാർ സ്ഥാപനങ്ങളെ അനുവദിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി സംസ്ഥാന ഡേറ്റാ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ‘ആഭ്യന്തര വിവരങ്ങൾ’ വിഭാഗത്തിൽപെട്ട ഡേറ്റ വരുമാനം കണ്ടെത്താനായി ഉപയോഗിക്കാമെന്നാണ് നയത്തിൽ പറയുന്നത്. ഇത്തരം ഡേറ്റയിൽ ചിലത് സംഭരിക്കാനും പരിപാലിക്കാനും വൻ നിക്ഷേപം ആവശ്യമാണെന്നതിനാലാണ് ഈ നീക്കം.
ഡേറ്റ ഉപയോഗിച്ച് വരുമാനം കണ്ടെത്താൻ തീരുമാനിക്കുന്ന സ്ഥാപനം നിരക്കുകൾ ഉൾപ്പെടെ ഡേറ്റ ഗവേണൻസ് കമ്മിറ്റിക്ക് അപേക്ഷനൽകണം.
വിവിധ സർക്കാർ വകുപ്പുകൾ ശേഖരിക്കുന്ന ഡേറ്റ പരസ്പരം പങ്കുവെക്കും. ഇതിനായി സ്റ്റേറ്റ് ഡേറ്റാ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം എന്ന കേന്ദ്രീകൃത സംയോജിത സംവിധാനമുണ്ടാക്കും. സംസ്ഥാന ഐ.ടി. മിഷനാകും പ്ലാറ്റ്‌ഫോം തയ്യാറാക്കി പരിപാലിക്കുക.
അംഗീകൃത ഉപയോക്താക്കൾക്ക് മാത്രം സുരക്ഷിതമായി ഡേറ്റ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ‘ആക്‌സസ് മാനേജ്‌മെന്റ് സിസ്റ്റം’ നടപ്പാക്കും. സർക്കാർ ഏജൻസികൾ ഉത്‌പാദിപ്പിക്കുന്നതോ ശേഖരിച്ചതോ ആയ വിവരങ്ങളെ പൊതു, ആഭ്യന്തരം, രഹസ്യം എന്നിങ്ങനെ തിരിക്കും. പൊതുഡേറ്റ സ്റ്റേറ്റ് ഡേറ്റ എക്‌സ്‌ചേഞ്ച് മാനദണ്ഡങ്ങൾക്കനുസൃതമായി പങ്കുവെക്കും. ആഭ്യന്തര ഡേറ്റ വിവിധ വകുപ്പുകൾക്കോ സ്ഥാപനങ്ങൾക്കോ രജിസ്‌ട്രേഷനിലൂടെയും മുൻകൂർ അനുമതിയോടെയും ലഭ്യമാക്കുമെന്നും കരട് വ്യക്തമാക്കുന്നു.
ദേശസുരക്ഷ, രഹസ്യാത്മകത, സ്വകാര്യത, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവ കാരണം പങ്കുവെക്കാൻ സാധിക്കാത്ത ഡേറ്റകളുടെ ‘നെഗറ്റീവ് ലിസ്റ്റ്’ തയ്യാറാക്കും. ഒരോ വകുപ്പും ആ വകുപ്പിലെ ഐ.ടി. പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വകുപ്പുതല ഡേറ്റാ മാനേജ്‌മെന്റ് സെൽ രൂപവത്കരിക്കും. പൊതുസേവനങ്ങൾ നൽകുന്നതിനോ നിയമപരമായ ചുമതലകൾ നിർവഹിക്കുന്നതിനോ അത്യന്താപേക്ഷിതമാണെങ്കിൽ സർക്കാർ വകുപ്പുകൾക്കിടയിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ട ഡേറ്റ കൈമാറ്റംചെയ്യാം. ബന്ധപ്പെട്ടവരിൽനിന്നുള്ള അനുമതിയുടെ അടിസ്ഥാനത്തിൽ നിയമപരമായി സ്വകാര്യ സ്ഥാപനങ്ങൾക്കോ മൂന്നാം കക്ഷികൾക്കോ വ്യക്തിഗത വിവരം കൈമാറാം.
ഡേറ്റ പങ്കുവെക്കുന്നതിലോ ലഭ്യമാക്കുന്നതിലോ തർക്കമുണ്ടായാൽ ഇതിനായുള്ള സംസ്ഥാനതല സമിതി ആർബിട്രേറ്ററായി പ്രവർത്തിക്കും. വകുപ്പുകൾക്കിടയിലോ സർക്കാരിതര സംവിധാനത്തിലോ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ അപെക്സ് കമ്മിറ്റിയുണ്ടാകണമെന്നും നയത്തിൽ പറയുന്നു.
Content Highlights: Government agencies permitted to monetize internal data to cover maintenance costs., Establishment of a centralized State Data Exchange Platform by IT Mission., Implementation of Access Management System for secure data sharing., Classification of data into Public, Internal, and Confidential categories., Creation of a Data Governance Committee to oversee pricing and arbitration.