‘കേരളം നൽകിയത് തിരിച്ചറിവ്; ഇന്ത്യയുടെ പൊതുജീവിതത്തിൽ കേരളത്തിനുള്ളത് സവിശേഷസ്ഥാനം’

#തേജസ്വി യാദവ് (ആര്‍.ജെ.ഡി.) പ്രതിപക്ഷനേതാവ്, ബിഹാര്‍ നിയമസഭ
തേജസ്വി യാദവ് | File Photo
തേജസ്വി യാദവ് | File Photo

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ കേരളസന്ദർശനം വെറുമൊരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി മാത്രമായിരുന്നില്ല. ഇടതുപക്ഷത്തിന് വോട്ടഭ്യർഥിച്ചുള്ള യാത്ര ഒരു തിരിച്ചറിവുകൂടിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ ഈ തീരദേശസംസ്ഥാനം എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നു എന്നത് ബോധ്യപ്പെടുകയുംചെയ്തു.

ദീർഘകാലമായി ഇന്ത്യയുടെ പൊതുജീവിതത്തിൽ കേരളത്തിന് ഒരു സവിശേഷസ്ഥാനമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം എന്നീമേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ ആകസ്മികമായി ഉണ്ടായതല്ല. അവ സുസ്ഥിരമായ രാഷ്ട്രീയവീക്ഷണത്തിന്റെയും തീരുമാനങ്ങളുടെയും ഫലമാണ്. പ്രതിബദ്ധതയുള്ള ഒരു ക്ഷേമരാഷ്ട്രത്തിന് എന്തൊക്കെ നേടാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായി രാജ്യത്തെ നയരൂപവത്കരണവിദഗ്ധരും രാഷ്ട്രീയ പ്രവർത്തകരും കേരളത്തെ ഉയർത്തിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ കരുത്തുറ്റ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചും വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചും ഞാൻ സംസാരിച്ചത് പ്രശംസയല്ല. മറിച്ച്, സാമൂഹികനീതിയിലും പൊതുനിക്ഷേപത്തിലും അധിഷ്ഠിതമായ ഭരണത്തിലൂടെ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന സത്യം പങ്കുവെക്കുകയാണതിലൂടെ.

ബിഹാറിനെപ്പോലെ ഘടനാപരമായ വെല്ലുവിളികളുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത്തരം താരതമ്യങ്ങൾ വെറും അലങ്കാരത്തിനല്ല, അതൊരു അനിവാര്യമാണ്. നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിയെക്കുറിച്ചും നാം വിഭാവനംചെയ്യുന്ന വികസനമാതൃകയെക്കുറിച്ചും ശക്തിയേറിയ ചോദ്യങ്ങൾ ചോദിക്കാൻ ഈ മാതൃകകൾ നമ്മെ സ്വാധീനിക്കും. കേരളത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാമെങ്കിൽ, മറ്റുള്ളവർക്കും എന്തുകൊണ്ട് അത് സാധ്യമാക്കിക്കൂടാ?

ഈ രാഷ്ട്രീയസാഹചര്യത്തിൽ അവഗണിക്കാൻ കഴിയാത്ത ഒരു മാനുഷിക സഹകരണംകൂടിയുണ്ട് കേരളത്തിൽ. ബിഹാറിൽനിന്നും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ കേരളത്തെ തങ്ങളുടെ വീടായി മാറ്റിയിരിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളും സാമൂഹികഘടനയുടെ ഭാഗവുമാണ് അവർ. ഈ ബന്ധം പരസ്പരപൂരകമാണ്. അവരുടെ അധ്വാനം കേരളത്തിന്റെ തൊഴിൽമേഖലയെ താങ്ങിനിർത്തുമ്പോൾ, തിരിച്ച് കേരളം അവർക്ക് അന്തസ്സും സുരക്ഷിതത്വവും നൽകുന്നു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയുടെ സാന്നിധ്യം പ്രതീകാത്മകമല്ല.

ഇടതുപക്ഷവുമായുള്ള ഈ സഖ്യം പരമ്പരാഗതമായ രാഷ്ട്രീയകൂട്ടുകെട്ടുകൾക്ക് അപ്പുറമാണ്. കേവലം ലാഭനഷ്ടങ്ങൾ നോക്കിയുള്ള ഒന്നല്ല, സമാനപ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാണ്. വർഗീയരാഷ്ട്രീയത്തിൽനിന്ന് കേരളം മുക്തമായിരിക്കണമെന്ന് എൽ.ഡി.എഫിനെപ്പോലെ ഞങ്ങളും കരുതുന്നു.

Content Highlights: Kerala's achievements in health and education are results of sustained political commitment., The state serves as a model for social justice and public investment-based governance., Comparison between Kerala and states like Bihar highlights the need for structural political change., Migrant laborers are integral to Kerala's economy, fostering a symbiotic relationship., The alliance with the Left is based on shared secular and progressive ideologies.