പുതിയ ഡേറ്റാ നയത്തിന് അംഗീകാരം; സർക്കാർ ഡേറ്റ വിൽക്കും, നിരക്ക് ഈടാക്കും

#പി. സുനിൽകുമാർ
Photo | mathrubhumi
Photo | mathrubhumi

തിരുവനന്തപുരം: ഐ.ടി. വികസനം ലക്ഷ്യംവെച്ച് പൊതുവിവരം സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കൈമാറാൻ അനുമതി നൽകുന്ന ഡേറ്റാ നയവുമായി സർക്കാർ. കർശന സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും പൊതുവിവരം വാണിജ്യാടിസ്ഥാനത്തിൽ നൽകുക.

ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര ഡേറ്റാ ഗവേണൻസ് സമിതിയുടെ നിയന്ത്രണത്തിലായിരിക്കും വിവരകൈമാറ്റം. വ്യക്തിഗതവിവരവും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യസ്വാഭാവമുള്ളതുമായ വിവരം കൈമാറില്ല.

വിവിധ വകുപ്പുകളുടെ കൈവശമുള്ള വാണിജ്യമൂല്യമുള്ള ഇന്റേണൽ ഡേറ്റയാണ് കൈമാറുക. സ്വകാര്യ കമ്പനികൾക്ക് ഏതൊക്കെ വിവരം നൽകണമെന്നതും ഇതിനുള്ള നിരക്ക് തീരുമാനിക്കുന്നതും ഉന്നതാധികാര സമിതിയായിരിക്കും.

ഇത്തരം വിവരം കൈമാറുമ്പോൾ വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കും. കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിരക്ക് ഈടാക്കും. സ്റ്റാർട്ടപ്പുകൾക്കും വലിയ കമ്പനികൾക്കും വ്യത്യസ്തനിരക്കാകും.

ഇതിലൂടെ ലഭിക്കുന്ന വരുമാനം ഐ.ടി. വികസനത്തിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും. ഡേറ്റ വിനിയോഗത്തിലുണ്ടാകുന്ന തർക്കങ്ങളും സുരക്ഷാവീഴ്ചകളും പരിശോധിക്കാൻ തർക്കപരിഹാര സെല്ലും നിരീക്ഷണസംവിധാനവും ഏർപ്പെടുത്തും.

വിവരം ആവശ്യമായ കമ്പനികൾ സർക്കാരുമായി ധാരണയിലെത്തുകയും ഡേറ്റ മൂന്നാംകക്ഷിക്ക് മറിച്ചുവിൽക്കില്ലെന്ന ഉറപ്പുനൽകുകയും വേണം. വിവരങ്ങളുടെ കൃത്യമായ വിനിയോഗത്തിനും സുരക്ഷ ഉറപ്പാക്കാനും ഓരോ വകുപ്പിലും ഡേറ്റാ മാനേജ്മെന്റ് സെല്ലും ചീഫ് ഡേറ്റാ ഓഫീസറുമുണ്ടാകും.

ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും വ്യവസായ, സാമ്പത്തികവളർച്ച ലക്ഷ്യംവെച്ചുമുള്ള ഡേറ്റാ നയം 2026-ന് മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണനിയമം പാലിച്ചുള്ളതാണ് സംസ്ഥാന നയം.

വിവിധ വകുപ്പുകൾ വിവരം വേവ്വേറെ സൂക്ഷിക്കുന്നതിനുപകരം സുരക്ഷിതമായി ഡേറ്റ പരസ്പരം കൈമാറുന്നതിന് കേരള ഐ.ടി. മിഷന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഡേറ്റാ എക്‌സ്ചേഞ്ച് പ്ലാറ്റ്‌ഫോം സജ്ജീകരിക്കുമെന്നതാണ് നയത്തിന്റെ മറ്റൊരു ശുപാർശ. 

Content Highlights: The government has introduced a data policy to share public information with private companies and startups for IT development, ensuring strict security standards and excluding personal and sensitive national security data. An empowered data governance committee, led by the Chief Secretary, will oversee the data exchange, determine the information to be shared, and set pricing, with different rates for startups and large companies.