സംസ്ഥാന വിള ഇൻഷുറൻസ് സേവനങ്ങൾ മാർച്ച് 15 മുതൽ എയിംസ് 2.0 പോർട്ടലിൽ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

തിരുവനന്തപുരം: സംസ്ഥാനത്തിലെ കാർഷിക സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നതിന്റ ഭാഗമായി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ 2026 മാർച്ച് 15 മുതൽ എയിംസ് (AIMS) 2.0 പോർട്ടലിലേക്ക് മാറ്റുന്നതായി വകുപ്പ് അറിയിച്ചു. പുതിയ പോർട്ടൽ aimsnew.kerala.gov.in എന്ന വിലാസത്തിലാണ് ലഭ്യമാകുക.

2026 മാർച്ച് 15 മുതൽ സമർപ്പിക്കുന്ന എല്ലാ പുതിയ വിള ഇൻഷുറൻസ് അപേക്ഷകളും AIMS 2.0 പോർട്ടൽ വഴിയാണ് സ്വീകരിക്കുക. സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി പുതിയ സംവിധാനത്തിൽ ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കർഷകർ നോമിനിയുടെ വിവരങ്ങൾ (പേര്, ബന്ധം, തിരിച്ചറിയൽ രേഖകൾ) പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്. ഇത് ഒരുതവണ മാത്രം ചെയ്യേണ്ട നടപടിയായിരിക്കും. കർഷകർ നൽകിയ നോമിനി വിവരങ്ങൾ ബന്ധപ്പെട്ട കൃഷി ഓഫീസർ ഓൺലൈനായി പരിശോധിച്ച് അംഗീകരിച്ചതിന് ശേഷമേ ഇൻഷുറൻസ് അപേക്ഷയുടെ തുടർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.

നിലവിൽ AIMS 1.0 പോർട്ടൽ വഴി ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ള കർഷകർക്ക് വിളനാശം സംഭവിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ AIMS 2.0 പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. എന്നാൽ 2026 മാർച്ച് 14 വരെ AIMS 1.0 പോർട്ടലിൽ അനുകൂല്യത്തിനായി സമർപ്പിച്ച അപേക്ഷകളുടെ തുടർ നടപടികൾ അതേ പോർട്ടലിൽ തന്നെ പൂർത്തിയാക്കുന്നതായിരിക്കും.

വിള ഇൻഷുറൻസ് പ്രീമിയം നിരക്കുകളിലും അപേക്ഷ സമർപ്പിക്കേണ്ട സമയപരിധിയിലും മാറ്റമൊന്നുമില്ലെന്ന് കൃഷി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ കർഷകരും നിർബന്ധമായും പുതിയ പോർട്ടലിൽ നോമിനി വിവരങ്ങൾ മുൻകൂട്ടി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സാങ്കേതിക സഹായത്തിനുമായി കർഷകർക്ക് അവരവരുടെ പരിധിയിലുള്ള കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights: Kerala Agriculture Department shifts crop insurance services to AIMS 2.0 from March 15. Update your nominee details now to ensure coverage.