കത്ത് ചോര്‍ച്ച:ലക്ഷ്യം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാനെന്ന് നേതാക്കള്‍ക്ക് സംശയം;മുന ആര്‍ക്കെതിരേ

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിച്ച് ചെന്നൈ വ്യവസായി പൊളിറ്റ് ബ്യൂറോക്ക് രഹസ്യമായി നല്‍കിയ കത്ത് ചോര്‍ന്നതോടെ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. ലണ്ടനിലെ പാര്‍ട്ടി പ്രതിനിധിയായ രാജേഷ് കൃഷ്ണയും ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദും തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ശീതസമരമായിമാറുന്നത്.
പൊളിറ്റ് ബ്യൂറോക്ക് ഷര്‍ഷാദ് നല്‍കിയ പരാതി കോടതിയില്‍ ഹാജരാക്കിയതിനുപിന്നില്‍ പാര്‍ട്ടിക്കുള്ളിലേക്ക് തീപടര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന സംശയമാണ് മിക്കനേതാക്കള്‍ക്കുമുള്ളത്. പക്ഷേ, ഇത് ആര്‍ക്കെതിരേ ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തതവരാത്തത്.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേയുള്ള നീക്കമാണിതെന്നാണ് ഒരുപക്ഷത്തിന്റെ വാദം. അദ്ദേഹത്തിന്റെ മകന്‍ ശ്യാംജിത്താണ് കത്ത് ചോര്‍ത്തിക്കൊടുത്തതെന്ന ആരോപണം പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ഷര്‍ഷാദ് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എം.വി. ഗോവിന്ദന് രാഷ്ട്രീയതിരിച്ചടിയുണ്ടാക്കുന്ന വിധത്തിലുള്ള ഒരു കത്ത്, അദ്ദേഹംതന്നെ ചോര്‍ത്തിക്കൊടുക്കുമോ എന്നതാണ് ഇതിലുയരുന്ന സംശയം.
എം.വി. ഗോവിന്ദന്‍ പാര്‍ട്ടിസെക്രട്ടറിയായി വന്നതുമുതല്‍ ഇ.പി. ജയരാജനുമായി അത്രനല്ല ബന്ധത്തിലല്ല. ഇടതുമുന്നണി കണ്‍വീനര്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നില്‍പ്പോലും ഗോവിന്ദന്റെ കടുത്തനിലപാടുകളാണെന്നാണ് ജയരാജനെ പിന്തുണയ്ക്കുന്നവരുടെ വിശ്വാസം. അതിനാല്‍, ഇപ്പോഴത്തെ വിവാദത്തിനുപിന്നിലും ഇ.പി. ജയരാജനെ എതിര്‍പക്ഷത്ത് നിര്‍ത്തിയുള്ള പ്രചാരണം ശക്തമാണ്.
എന്നാല്‍, ഒട്ടേറെ നേതാക്കളുമായി ബന്ധമുള്ള രാജേഷ് കൃഷ്ണയ്ക്ക് ഇ.പി.യുമായി അത്ര അടുപ്പമില്ലെന്നതാണ് ഇതിലുള്ള പ്രശ്‌നം. മാത്രവുമല്ല, ഷര്‍ഷാദ് ആദ്യം പരാതിനല്‍കിയത് കോടിയേരി ബാലകൃഷ്ണനും പിന്നീട് നല്‍കിയത് പൊളിറ്റ് ബ്യൂറോ അംഗമായ അശോക് ദാവ്ളെക്കുമാണ്.
കോടിയേരിക്ക് മലയാളത്തിലും ദാവ്ളെയ്ക്ക് ഇംഗ്ലീഷിലും തയ്യാറാക്കിയ പരാതികളാണ് നല്‍കിയത്. ചോര്‍ന്നത് ഇംഗ്ലീഷ് പരാതിയാണ്. ഇതാണ്, സംസ്ഥാനഘടകത്തിലെ ചേരിതിരിവുകള്‍ക്ക് അപ്പുറത്തേക്കുള്ള രാഷ്ട്രീയമാനം ഈ വിഷയത്തിലുണ്ടാക്കുന്നത്.
രാജേഷ് കൃഷ്ണയുടെ പാര്‍ട്ടിയിലെ ഇടപെടല്‍ സംശയത്തോടെയാണ് നേരത്തേ പൊളിറ്റ് ബ്യൂറോ കണ്ടിരുന്നത്. അദ്ദേഹത്തെ ലണ്ടന്‍ ഘടകത്തിന്റെ സെക്രട്ടറിയാക്കാതിരുന്നത് പിബി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ലണ്ടന്‍ ഘടകത്തിന്റെ ചുമതല എം.എ. ബേബിക്കായിരിക്കുമ്പോഴായിരുന്നു ഈ നടപടി. ബേബി ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയാണ്. രാജേഷിനെതിരേയുള്ള പരാതിയെയും അതിന്റെ ഗൗരവത്തെയുംകുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ട്. കത്ത് ചോര്‍ച്ച ദേശീയനേതൃത്വത്തെക്കൂടി പ്രതിസന്ധിയിലാക്കുന്നതാണ്.
Content Highlights: Leaked Letter Sparks Factionalism and Accusations Within Kerala's Ruling Party