പുതിയ നീക്കവുമായി സിപിഎം, സൈബര്‍ പ്രചരണത്തിന് പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരുടെ സേന

#രതീഷ് രവി
Photo: Mathrubhumi
Photo: Mathrubhumi

കൊല്ലം: പാർട്ടിക്കും സർക്കാരിനും നേരേ ഉയരുന്ന വിമർശനങ്ങൾ പ്രതിരോധിക്കാനും സർക്കാരിന്റെ വികസനവാർത്തകൾ പ്രചരിപ്പിക്കാനും പാർട്ടിക്ക് പുറത്തുനിന്ന് 15,000 പേരുടെ സേന രൂപവത്കരിക്കാൻ സിപിഎം. പാർട്ടി അനുഭാവികളായ വിദ്യാർഥികളെയും യുവജനങ്ങളെയും സാംസ്കാരിക പ്രവർത്തകരെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഇവർക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിശീലനം നൽകും. ഇവരിൽനിന്നുതന്നെ മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്തി താഴേത്തട്ടിലേക്ക് പരിശീലനം വ്യാപിപ്പിക്കും.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് മേൽനോട്ടം വഹിച്ചാണ്, പ്രത്യേക പേരൊന്നുമിടാതെ അനുഭാവിക്കൂട്ടായ്മ രൂപവത്കരിക്കുന്നത്. 'സിപിഎം പ്രവർത്തകർ' എന്ന കള്ളിയിൽ സമൂഹം കാണാത്തവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തുക. പാർട്ടി മുൻനിരയിലോ പിൻനിരയിലോ സമീപകാലത്ത് പ്രവർത്തിച്ചവരെ കൂട്ടായ്മയുടെ ഭാഗമാക്കരുതെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥി, യുവജന, സാംസ്കാരിക പ്രവർത്തകരിൽനിന്നായി അനുഭാവികളെ കണ്ടെത്തിത്തുടങ്ങി. ഇവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ തുടങ്ങും. മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും പകർത്തുക, റീൽസ് നിർമിക്കുക തുടങ്ങിയവയിലാണ് പ്രധാന പരിശീലനം. സാമൂഹികമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നും പഠിപ്പിക്കും.

പാർട്ടി വിമർശനങ്ങൾക്കെതിരേ കേ‍ഡർമാരും സിപിഎം നവമാധ്യമ വിഭാഗവും രംഗത്തുവരുമ്പോൾ വെറും ‘ന്യാ‌യീകരണം’ മാത്രമായേ പൊതുസമൂഹം കാണുകയുള്ളൂവെന്നാണ് വിലയിരുത്തൽ. പാർട്ടി പ്രവർത്തകരെ തൃപ്തിപ്പെടുത്താൻ സാധിക്കുമെങ്കിലും നിഷ്പക്ഷ സമൂഹത്തിന്റെ വിശ്വാസ്യത നേടാനാകില്ല. പാർട്ടി പ്രവർത്തകരും സൈബർ പോരാളികളുമല്ലാത്തവരുടെ ഇടയിൽ വിശ്വാസ്യതയും സ്വീകാര്യതയും പുറമേനിന്നുള്ള ‘സൈബർ സഖാക്കൾക്ക്’ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തോടുള്ള കേന്ദ്ര നിലപാടുകൾ, സർക്കാരിന്റെ വികസന നേട്ടങ്ങൾ, വർഗീയതയ്ക്കെതിരായ പ്രചാരണം, വിദ്യാർഥി, യുവജന പ്രശ്നങ്ങൾ തുടങ്ങി പ്രതികരിക്കേണ്ട വിഷയങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ വീക്ഷണകോണിലാകില്ല ഇവരുടെ പ്രതികരണങ്ങൾ.

Content Highlights: The CPM in Kerala is creating a strong team to counter criticism and promote government