എപ്പോഴും ജനങ്ങൾക്കിടയിലുള്ള നേതാക്കൾ, ‘പിടികിട്ടാപ്പുള്ളി’കളെന്ന് പോലീസ്; വടിയെടുത്ത് കോടതികൾ, SHO-മാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ജനപ്രതിനിധികളടക്കം പ്രധാനപദവികളിലിരിക്കുന്ന രാഷ്ട്രീയനേതാക്കൾ ’പിടികിട്ടാപ്പുള്ളി’കളെന്ന് പോലീസ്. എപ്പോഴും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനായില്ലെന്ന പോലീസിന്റെ റിപ്പോർട്ടുകളിൽ വടിയെടുത്ത് കോടതികളും രംഗത്തെത്തി. പ്രതിഷേധസമരങ്ങൾ നടക്കുമ്പോൾ ഗതാഗതതടസ്സം അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയെടുത്ത കേസുകളിൽ പ്രതികളായ രാഷ്ട്രീയനേതാക്കളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് കോടതികളിൽ റിപ്പോർട്ട് നൽകുന്നത്.
ഇത്തരം കേസുകളിൽ അടിയന്തരനടപടി സ്വീകരിക്കാത്തിനാൽ എസ്.എച്ച്.ഒ.മാർക്ക് കോടതികൾ കാരണം കാണിക്കൽ നോട്ടീസ് നൽകിത്തുടങ്ങി. എല്ലാ ജില്ലകളിലും കേസുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ തലസ്ഥാനത്താണ്. നിയമസഭ, സെക്രട്ടേറിയറ്റ്, രാജ് ഭവൻ എന്നിവിടങ്ങളിലാണ് മിക്ക സമരങ്ങളും നടക്കുന്നത്. ദിവസേന പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ സ്ഥിരം കേസുകളുമുണ്ടാകും.
രാഷ്ട്രീയനേതാക്കൾ ഈ കേസുകളിൽ ജാമ്യമെടുക്കാതെ വന്നതോടെയാണ് ലോങ് പെൻഡിങ് (എൽ.പി.) വാറന്റുകളായത്. ജനപ്രതിനിധികളടക്കമുള്ളവർ ഇത്തരം കേസുകളിൽ സമയബന്ധിതമായി ജാമ്യമെടുക്കണമെന്നാണ് ഹൈക്കോടതിയടക്കം നിർദേശിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷനുകളിൽ നേതാക്കളെ വിവരം അറിയിക്കാറുണ്ടെങ്കിലും പലരും ഇതിന് തയ്യാറാവാറില്ല.
പിഴയടച്ചോ ജാമ്യമെടുത്തോ നിസ്സാരമായി പരിഹരിക്കാനാവും. പ്രമുഖനേതാക്കളായതിനാൽ ഇവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാവില്ല. പകരം കണ്ടെത്താനായില്ലെന്ന് കോടതിയിൽ റിപ്പോർട്ട് കൊടുക്കും. ഒരു പ്രമുഖനേതാവിനെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനോട്, ‘‘ടെലിവിഷൻ നോക്കിയാൽ എവിടെയുണ്ടെന്നറിയാം’’ എന്ന് കോടതി പരിഹസിച്ചിരുന്നു.
ഡീൻ കുര്യാക്കോസ് എം.പി.ക്കാണ് തലസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും എൽ.പി. വാറന്റുകളുള്ളത്. പത്മനാഭസ്വാമിക്ഷേത്രം ഭരണസമിതി അംഗങ്ങളായ കരമന ജയൻ, ചെമ്പഴന്തി അനിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സി.ഐ.ടി.യു. സംസ്ഥാനസെക്രട്ടറി കെ.എസ്. സുനിൽ കുമാർ, കോർപ്പറേഷൻ കൗൺസിലർ ആർ. ഹരികുമാർ തുടങ്ങി പ്രാദേശികനേതാക്കളുടെയടക്കം വലിയൊരു പട്ടികയാണ് പോലീസിന് മുന്നിലുള്ളത്.
അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനുമുമ്പ് എ.എ. റഹീം, പി.കെ. ശ്രീമതി, എം.വി. ജയരാജൻ എന്നിവരടക്കം വലിയൊരു വിഭാഗം നേതാക്കൾ വാറന്റുകളിൽ ജാമ്യം നേടിയിരുന്നു. നിലവിൽ കൂടുതൽ എൽ.പി. വാറന്റുകളുള്ളത് കോൺഗ്രസ്, ബി.ജെ.പി. നേതാക്കൾക്കാണ്.
Content Highlights: Courts have criticized the police for failing to locate political leaders involved in protest-related cases, leading to long-pending warrants. Despite being informed, many leaders do not secure bail, and police often report them as untraceable, avoiding arrests due to their prominence. The majority of pending warrants are against Congress and BJP leaders, with some having resolved their warrants before the last legislative elections.