'പണമിടപാടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു'; കെട്ടിപ്പിടിച്ചനിലയിൽ വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം

മരിച്ച വിഷ്ണു എസ്. നായരും ഭാര്യ രശ്മിയും
മരിച്ച വിഷ്ണു എസ്. നായരും ഭാര്യ രശ്മിയും

ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്തെ വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി (34) എന്നിവരാണ് മരിച്ചത്. ഇവരെ സ്വകാര്യ പണമിടപാടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരമുണ്ട്. ഞായറാഴ്ചയും പണമിടപാടുകാര്‍ വിഷ്ണുവിന്റെ കൂടപ്പുലത്തെ വീട്ടിലും പനയ്ക്കപ്പാലത്തെ വീട്ടിലും എത്തിയിരുന്നു.

ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിവിധ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ കരാര്‍ എടുത്തുചെയ്യുന്നയാളാണ് വിഷ്ണു. ദില്ലിയില്‍ നഴ്സ് ആയിരുന്ന രശ്മി അടുത്തകാലത്താണ് നാട്ടിലെത്തിയത്.

ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ രശ്മിയുടെ അമ്മ ബീന ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അമ്മ, മുകളിലത്തെ നിലയില്‍ താമസിക്കുന്നവരോട് അന്വേഷിക്കാന്‍ പറഞ്ഞു. ഇവര്‍ എത്തിയപ്പോള്‍ പ്രധാനവാതില്‍ തുറന്നാണ് കിടന്നിരുന്നത്. കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയ നിലയിലുമായിരുന്നു.

വിളിച്ചിട്ട് ആരും വരാഞ്ഞതിനെത്തുടര്‍ന്ന് കെട്ടിടം ഉടമയെ വിളിച്ചുവരുത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

ഇരുവരും കെട്ടിപ്പിടിച്ച നിലയിലായിരുന്നു.

രണ്ടുപേരുടെയും കൈകളില്‍ സിറിഞ്ച് കുത്തിയിരുന്നു. എന്താണ് കുത്തിവെച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നാലേ അറിയാനാകൂ. ദേഹം കരുവാളിച്ചിരുന്നു.

പനയ്ക്കപ്പാലത്തെ വീട്ടിലുണ്ടായിരുന്ന, രശ്മിയുടെ അമ്മ ബീനയെ ഞായറാഴ്ച ഇവര്‍ ഏഴാച്ചേരിയില്‍ ബന്ധുവീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. സാമ്പത്തികബാധ്യതയാണ് ദമ്പതിമാരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ ഡിവൈഎസ്പി കെ.സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറന്‍സിക് വിഭാഗവും വിരലടയാടവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പണം ഇടപാടുകാരുടെ പങ്ക് അന്വേഷിക്കുമെന്നും നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദമ്പതിമാരുടെ സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് കൂടപ്പുലത്തെ വീട്ടുവളപ്പില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 1056)

Content Highlights: A couple was found dead in their rented house in Kerala with syringe marks on their hands