സുഹൃത്ത് ഷാഫിയല്ലാതെ പിന്തുണയുമായി ആരുമെത്തിയില്ല, ഒറ്റപ്പെട്ട് രാഹുല്‍; രാജിയിലേക്ക് വഴിതെളിയുന്നു

തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലുകൾക്കുപിന്നാലെ കോൺഗ്രസിൽ ഒറ്റപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിക്കു നാണക്കേടുണ്ടാക്കിയ വിവാദത്തിൽ രാഹുൽ രാജിവെച്ചേ തീരുവെന്ന കടുത്തനിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്നനേതാക്കളാരും രാഹുലിന് സംരക്ഷണകവചമൊരുക്കാൻ തയ്യാറല്ല.
പാർട്ടിയിലെ ഉറ്റസുഹൃത്ത് ഷാഫി പറമ്പിൽ എംപിയല്ലാതെ മറ്റൊരു നേതാവും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമില്ല. ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചെന്നു കഴിഞ്ഞദിവസം വെളിപ്പെടുത്തിയ യുവതിയുടെ കൂടുതൽ ശബ്ദരേഖ ശനിയാഴ്ച പുറത്തുവന്നത് കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി. സ്വയം ന്യായീകരിക്കാൻ ശനിയാഴ്ച വൈകീട്ട് രാഹുൽ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതൃത്വം ഇടപെട്ടു വിലക്കി.
മൂന്നുദിവസമായി അടൂരിലെ വീട്ടിലൊതുങ്ങിയിരിക്കുകയാണ് രാഹുൽ. പോലീസിൽ പരാതികളൊന്നുമില്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ വരുന്നതിനാൽ, പാർട്ടിയുടെ മുഖം രക്ഷിക്കാൻ രാഹുലിന്റെ രാജിയല്ലാതെ മറ്റുവഴിയില്ലെന്ന വിലയിരുത്തലിലാണ് നേതാക്കൾ.
രാഹുൽ രാജിവെക്കുമെന്ന വ്യക്തമായ സൂചന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകളിൽ നിഴലിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി ആദ്യപടിയാണെന്നും കോൺഗ്രസ് വേറിട്ട പാർട്ടിയാണെന്നു പറയിക്കുമെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
യുവതികളുടെ കൂടുതൽ വെളിപ്പെടുത്തൽ വരുന്നതിനാൽ പരാതിയില്ലെന്ന സാങ്കേതികത്വം പറഞ്ഞുനിന്നാൽ പാർട്ടിക്കു കൂടുതൽ നാണക്കേടാവുമെന്നാണ് വാദം.
പോലീസ് അന്വേഷണവും പരിശോധനയുമൊക്കെയായി സർക്കാർ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാൻ തയ്യാറെടുക്കുന്നതിനാൽ, രാഹുലിനെ സംരക്ഷിക്കുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ധാർമികത മുൻനിർത്തി എംഎൽഎസ്ഥാനത്തുനിന്നു രാജിവെപ്പിച്ചാൽ എതിരാളികളുടെ വായടപ്പിക്കാമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
സംസ്ഥാനത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേതാക്കളോടു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇങ്ങനെ, ധാർമികത മുൻനിർത്തി ഉന്നതനേതാക്കൾ മുഴുവൻ വി.ഡി. സതീശന്റെ നിലപാടിനെ അനുകൂലിച്ചതോടെ, രാഹുലിന്റെ രാജിക്കു വഴിയൊരുങ്ങി.
ഇതിനിടെ, രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി എഐസിസിക്കു പരാതികിട്ടിത്തുടങ്ങിയെന്നാണ് വിവരം.
Content Highlights: Kerala Congress Leader Rahul Mankootathil Faces Pressure to Resign Amidst Allegations