'യാഥാർഥ്യമാകില്ല എന്നുകരുതിയത് യാഥാർഥ്യമാക്കി, ദേശീയപാത മുഴുവനായും പൊളിഞ്ഞുപോകുമെന്ന് ആരും കരുതണ്ട'

തിരുവനന്തപുരം: ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന് കരുതിയ ദേശീയപാത യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇത് ഒരിക്കലും സാധിക്കുമായിരുന്നില്ല എന്നും വികസന മേഖലകളില്‍ സംസ്ഥാനം ഒമ്പത് കൊല്ലം പിന്നോട്ട് പോയേനെ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ദേശീയപാതയിലെ വിള്ളലുകളെ സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഗൗരവകരമായ പരിശോധന നടത്തുമെന്നും ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ദേശീയപാത ആകെ പൊളിഞ്ഞുപോകുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരുമാസത്തിലേറെയായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്താന്‍ സാധിച്ചതായും സര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാടിന്റെ എല്ലാ മേഖലകളിലും പുരോഗതിയാണ് കാണാന്‍ സാധിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 'എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിലേറേയായി വാര്‍ഷിക ആഘോഷ പരിപാടിയുമായി എല്ലാ ജില്ലയിലും എത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടു. നാടിന്റെ എല്ലാ മേഖലയിലും പുരോഗതിയാണ്. വിദ്യാഭ്യാസ മേഖല മികച്ചതായി. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഈ കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നമ്മള്‍ കുറെ പുറകിലേക്ക് പോയേനെ,' മുഖ്യമന്ത്രി പറഞ്ഞു.
'2016-ല്‍ നമ്മുടെ നാട് വല്ലാതെ പിറകില്‍ പോയ അവസ്ഥയായിരുന്നു. വിദ്യാഭ്യാസ മേഖല പിന്നില്‍ പോയി. അഞ്ചു ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു പോയി. പൊതുവിദ്യാലയത്തിലേക്ക് കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ മടിച്ചു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കും എന്ന വാഗ്ദാനത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് വന്നതോടെ മാറ്റമുണ്ടായി. ഇന്ന് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. 5000 കോടി രൂപയാണ് ആ മേഖലയില്‍ ചെലവായത്. മുന്‍പ് അഞ്ചു ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു പോയ സ്ഥാനത് 10 ലക്ഷം തിരികേ വന്നു. യുഡിഎഫ് അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഈ മാറ്റം സംഭവിക്കുമായിരുന്നോ? ഇനിയും കുട്ടികള്‍ കൊഴിഞ്ഞു പോയേനെ. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടും ഭരണത്തുടര്‍ച്ച ഉണ്ടായതുകൊണ്ടും ആണ് പൊതുവിദ്യാഭ്യാസരംഗം മാറിയത്,' മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യരംഗവും എല്‍ഡിഎഫ് കാലത്ത് ശക്തിപ്പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. '2016-ല്‍ തകര്‍ച്ചയിലായിരുന്നു ആരോഗ്യ രംഗം. എല്‍ഡിഎഫ് ആരോഗ്യരംഗത്തിന്റെ ഉന്നതി ലക്ഷ്യംവെച്ചു. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെ സൂപ്പര്‍ സ്‌പെഷ്യലിറ്റി സൗകര്യം ഒരുക്കി. അതിനിടയ്ക്ക് നമുക്ക് കോവിഡിനെ നേരിടേണ്ടി വന്നു. സമ്പന്ന രാജ്യങ്ങള്‍ മുട്ടുകുത്തി. എന്നാല്‍ അവര്‍ കേരളത്തെ അത്ഭുതത്തോടെ നോക്കികണ്ടു. കോവിഡ് മൂര്‍ധന്യാവസ്ഥയിലും നമ്മുടെ ആശുപത്രികളില്‍ ബെഡുകള്‍ ഒഴിവുണ്ടായിരുന്നു. ഒരു ദയനീയ സാഹചര്യവും ഇല്ലായിരുന്നു. കോവിഡ് വരുമെന്ന് മുന്‍കൂട്ടി കണ്ട് ഒരുക്കിയ സൗകര്യങ്ങളായിരുന്നില്ല അതൊന്നും. അര്‍ദ്രം മിഷന്റെ ഫലപ്രദമായ നടത്തിപ്പാണ് നമുക്ക് ഗുണം ചെയ്തത്,' മുഖ്യമന്ത്രി വ്യക്തമാക്കി.
'നാഷണല്‍ ഹൈവേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവുകള്‍ ഇല്ല. ഭൂമി ഏറ്റെടുത്ത് കൊടുക്കേണ്ട ചുമതല മാത്രമാണ് ഉള്ളത്. ഇത് യുഡിഎഫ് കൃത്യമായി ചെയ്തില്ല. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ തിരികെവിളിച്ചു. കേരളത്തില്‍ ഭൂമി വില കൂടുതലാണെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം ഭൂമി എടുത്ത് നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്. നമ്മള്‍ അതിനെ എതിര്‍ത്തു. മറ്റ് സംസ്ഥാനങ്ങളില്‍ മികച്ച റോഡുകള്‍, കേരളത്തിലെ ദേശീയ പാതകള്‍ മോശം അവസ്ഥയിലും. നാടിന്റെ വികസനത്തിന് ദേശീയപാത വികസനം ഒഴിച്ചുകൂടാത്ത അവസ്ഥയിലായിരുന്നു. നമ്മള്‍ ഗതികെട്ട അവസ്ഥയിലായി,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ 25% സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നു, 5600 കോടി നാഷണല്‍ ഹൈവേയ്ക്ക് നല്‍കേണ്ടി വന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ബാക്കിയായിരുന്നു അത്. യാഥാര്‍ഥ്യമാകില്ല എന്ന് കരുതിയ ദേശീയപാത യാഥാര്‍ഥ്യമാകുമെന്ന് ഞങ്ങള്‍ കാണിച്ചുതന്നു. മഴക്കാലത്ത് ഹൈവേയ്ക്ക് ചില പ്രശ്‌നങ്ങള്‍ സംഭവിച്ചു. ഇത് സംസ്ഥാനത്തിന്റെ വീഴ്ച എന്ന നിലയിലാണ് പലരും ഉയര്‍ത്തി കാട്ടുന്നത്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ദേശീയപാത ആകെ പൊളിഞ്ഞു പോകുമെന്ന് ആരും ചിന്തിക്കേണ്ട. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗം അറിയിക്കും. സംഭവത്തെക്കുറിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഗൗരവമായ പരിശോധന നടത്തും. സര്‍ക്കാര്‍ അതിന് വേണ്ട പിന്തുണ നല്‍കും,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: nh 66 construction issues kerala cm pinarayi vijayan thiruvananthapuram