ഭിന്നിച്ചു നിന്നവരും ഒന്നിച്ചു; സഭ ഉയർത്തിയത് വലിയ രാഷ്ട്രീയസമ്മർദം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | Photo: Praveen Das M / Mathrubhumi
ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | Photo: Praveen Das M / Mathrubhumi

ആലപ്പുഴ: മണിപ്പുർ വിഷയത്തിൽപ്പോലും ഉണ്ടാകാത്ത കടുത്ത രാഷ്ട്രീയസമ്മർദം ഉയർത്താനായി എന്നതാണ് ഛത്തീസ്ഗഢ് സംഭവം കത്തോലിക്കാസഭകൾക്കു നൽകുന്ന നേട്ടം. ഒൻപതുദിവസത്തോളം കേരളമാകെ പ്രതിഷേധം അലയടിപ്പിക്കാനും ജനരോഷം ഉയർത്താനും സഭയ്ക്കു കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും വലിയ പിന്തുണയുമായി രംഗത്തിറങ്ങിയതോടെ ബിജെപിക്കും ആ വഴി പിന്തുടരേണ്ടിവന്നു.

കുർബാനത്തർക്കമുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭിന്നിച്ചു നിൽക്കുന്ന സിറോ മലബാർസഭയിലെ വിവിധ രൂപതകളും ഒരേ മനസ്സോടെനിന്നു. ഏറെക്കാലമായി ക്രൈസ്തവസമൂഹത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന കേരളത്തിലെ ബിജെപിക്ക് വലിയ സമ്മർദം നേരിടേണ്ടിയും വന്നു. മണിപ്പുർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിയെയും കേന്ദ്രസർക്കാരിനെയും നേരത്തേയും വിമർശിച്ചിട്ടുണ്ടെങ്കിലും മെത്രാൻമാർ ഭാഷയിൽ മിതത്വം പാലിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അതിരൂക്ഷമായ ഭാഷയാണ് അവർ സ്വീകരിച്ചത്. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് കന്യാസ്ത്രീ വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്. ഇന്ത്യൻ ഭരണഘടന പശു തിന്നുപോകുന്ന ഗതികേടിലാണെന്നും ഇരയോടൊത്ത് ഓടുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്നത് ഇനി വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയ്‌ക്ക്‌ രാഷ്ട്രീയമില്ലെന്നും എല്ലാവരെയും ഒന്നുപോലെയാണ് കാണുന്നതെന്നുമാണ് എല്ലാക്കാലത്തെയും ഔദ്യോഗികനിലപാട്. മെത്രാൻമാർ ബിജെപി നേതാക്കളുമായി അടുക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ വലിയൊരുവിഭാഗം വിശ്വാസികൾ അതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അനുകൂലിക്കുന്ന വിഭാഗവുമുണ്ട്. ലവ് ജിഹാദ് പോലുള്ള വിഷയങ്ങളിലാണ് സഭയുമായി ബിജെപി അടുത്തത്. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ സഭാവോട്ടുകളുടെ സ്വാധീനം വ്യക്തമായിരുന്നു. ഇതിനെയെല്ലാം ഒറ്റയടിക്കു റദ്ദാക്കുന്നതായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്.

വിശ്വാസികൾക്കിടയിൽ വലിയ രോഷമാണ് ഉയർന്നത്. ഇതിന്റെ പ്രതിഫലനം മെത്രാൻമാരിലും കണ്ടു. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ, ഇതു കണ്ടില്ലെന്നു നടിക്കാൻ ബിജെപിക്കു കഴിയുമായിരുന്നില്ല.

Content Highlights: Chhattisgarh incident unites Kerala churches, creating political pressure on BJP