ഖനന നിയന്ത്രണ ഭേദഗതി ബിൽ; ഭൂമിയുടെ അവകാശ ഇല്ലാതാകും; കുത്തകകൾ പിടിമുറുക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഖനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. ഖനനം സ്വകാര്യ കമ്പനികൾ കൈയടക്കുമെന്നുമാത്രമല്ല ഖനന ഭൂമിയിലുള്ള സംസ്ഥാനത്തിന്റെ അവകാശവും നഷ്ടമാകും. ഖനന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചക്കും ഇടയാക്കും. ഖനനത്തിന് ഭൂമി പാട്ടത്തിന് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാറിനായിരിക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതിലൂടെ കരിമണൽ അടക്കമുള്ള ധാതുക്കളുടെ ഖനനം സ്വകാര്യ കമ്പനികൾ നിർബാധം തുടരുകയും ഇത് തീരദേശങ്ങളുടെ നാശത്തിനും കടൽക്ഷോഭത്തിനും ഇടയാക്കും.
ഏതെങ്കിലും പ്രദേശത്ത് അഞ്ച് ശതമാനം ധാതുക്കളുണ്ടെന്ന് കണ്ടെത്തിയാൽ ആ പ്രദേശം ഖനന ഭൂമിയായി കണ്ടെത്തി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാറിന് കഴിയും.കരിങ്കല്ല്, ചെങ്കല്ല്, മണൽ എന്നിവയുടെ നിയന്ത്രണവും പുതിയ വ്യവസ്ഥകൾക്ക് കീഴിലാകും. ഇത് മലയോരമേഖലകൾക്ക് ഭീഷണിയാകും. ഖനന മേഖല കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തപ്പോഴും കേരളത്തിൽ ഖനന ചൂഷണം തടഞ്ഞത് സർക്കാറിന് ഭൂമിയിൽ അവകാശമുള്ളതുകൊണ്ടായിരുന്നുവെന്നും ഇതാണ് നഷ്ടപ്പെടുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അവകാശത്തിൽമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധാതുക്കളുടെ മേൽ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്ന സുപ്രീംകോടതി ഭരണഘനാ ബഞ്ചിന്റെ വിധിക്ക് വിരുദ്ധമാണ് ഭേദഗതി ബിൽ.
നിയമം നിലവിൽ വന്നാൽ ആലപ്പുഴ, കൊല്ലം തീരദേശങ്ങളെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഗവേഷണം നടത്തി ധാതുശേഖരം കണ്ടെത്താനും ഖനനം നടത്താനും പുതിയ ബിൽ സ്വകാര്യ കമ്പനികൾക്ക് അവകാശം നൽകുന്നു. നേരത്തെ ഖനനത്തിനായിരുന്നു സ്വകാര്യ കമ്പനികൾക്ക് അനുമതി. ഏതെങ്കിലും പ്രദേശത്ത് ധാതു നിക്ഷേപം സ്വകാര്യ കമ്പനി കണ്ടെത്തിയാൽ ഖനനത്തിന് അനുമതി നൽകുന്നത് കേന്ദ്ര സർക്കാറായിരിക്കും. സംസ്ഥാനത്തിന് നോക്കിനിൽക്കാനെ കഴിയൂ. ആലപ്പുഴ,കൊല്ലം തീരപ്രദേശങ്ങളിൽ വൻതോതിലുള്ള കരിമണൽ നിലവിൽ കെ.എം.എം.എൽ, ഐ.ആർ.ഇ.എൽ. തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളാണ് ഖനനം ചെയ്യുന്നത്. ഭേദഗതി പ്രകാരം വൻതോതിൽ ഖനനത്തിന് സ്വകാര്യ കമ്പനികൾ വരുകയും ഇത് തിരദേശത്തിനും ജനജീവിതത്തിനും ഭീഷണിയാകും. വിഴിഞ്ഞ തുറമുഖ നിർമാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾ തന്നെ ധാതുഖനത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നുവെന്നും ഇത് മുന്നിൽ കണ്ടുള്ള പരിഷ്കാരമാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകൻ വി.കെ.മധുസൂദനൻ പറഞ്ഞു.
റെയർ എർത്ത് ഇടനാഴിക്കും ഭീഷണി
കേരളത്തിൽ ഏകദേശം 150 കിലോമീറ്ററോളം തീരപ്രദേശത്ത് കരിമണൽ നിക്ഷേപമുണ്ട്. ഇത് മുന്നിൽ കണ്ട് സർക്കാർ കൊണ്ടുവന്ന റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ പദ്ധതിയേയും ഭേദഗതി ബാധിക്കും. പദ്ധതിയിൽ സ്വകാര്യമേഖലയെ ഉൾപ്പെടുത്താൻ സർക്കാർ നിർബന്ധിതരാകും. കരിമണൽ ഖനനമേഖല കോർപ്പറേറ്റുകൾക്ക് തുറന്നുകെടുക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമാണ് ഭേദഗതി ബിൽ.
കുടിശിക എഴുതി തള്ളേണ്ടിവരും
സംസ്ഥാന സർക്കാറുകൾക്ക് വൻകിട ഖനന കമ്പനികൾ നൽകാനുള്ള കുടിശിക ഒന്നര ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. പുതിയ ബിൽ നിയമമായാൽ ഇത് എഴുതി തള്ളേണ്ടിവന്നേക്കും. നിലവിൽ കേരളത്തിന് വർഷത്തിൽ പത്ത് കോടി രൂപയാണ് റോയൽറ്റിയായി ലഭിക്കുന്നത്.
ആശങ്കകൾ
* ധാതുശേഖമുള്ള ഭൂമിയുടെ അവകാശം സംസ്ഥാനത്തിന് നഷ്ടമാകും. നികുതി, സെസ് ഇനത്തിലുള്ള വരുമാനം നഷ്ടമാകും
* തീരദേശത്ത് ഖനനം നടത്താൻ വൻകിട കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രത്തിന് കഴിയും. ഇത് തിരദേശ ശോഷണത്തിനും മത്സ്യസമ്പത്ത് നശിക്കാനും ഇടയാക്കും. മത്സ്യതൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാകും
*സ്വകാര്യ കമ്പനികൾ യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുമ്പോൾ കലാക്രമണം രൂക്ഷമാകുകയും തീരദേശങ്ങൾ ഇല്ലാകുകയും ചെയ്യും.
*കരിമണൽ ഖനനം അപ്പർ കുട്ടനാട് മേഖലയിലെ കൃഷിയെ ബാധിക്കുകയും പാടങ്ങളിൽ ഉപ്പുവെള്ളം കയറാനും ഇടയാക്കും.
അവകാശവാദം
*വൈദ്യുത വാഹനങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവക്കാവശ്യമായ അപൂർവ്വധാതുക്കളുടെ ഖനനത്തിന് മുൻഗണന ലഭിക്കും
*ഖനനത്തിന് സുതാര്യമായ ഇ-ലേല നടപടിയുണ്ടാകും
*നികുതി ഘടന ഏകീകരിക്കുന്നതിലൂടെ വിദേശ നിക്ഷേപകരെ ആകർഷിക്കും.
*കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
*ഖനന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പ്രത്യേക ഫണ്ട്.
Content Highlights: Central mining amendment bill threatens Kerala's coastal areas like Alappuzha and Kollam., Private companies gain rights to explore and mine mineral deposits previously managed by state PSUs., State loses land rights, tax revenue, and control over mining exploitation., Excessive mining poses severe risks of coastal erosion, sea incursions, and destruction of marine wealth., Impacts the state's Rare Earth and Critical Mineral Corridor project.