മരംകൊള്ളയ്ക്ക് വഴിവെക്കുമെന്ന് ആശങ്ക; പട്ടയഭൂമിയിലെ പാഴ്‍മരം മുറിക്കൽ അനുമതി റദ്ദാക്കി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ചിത്രം ജയേഷ് പി, മാതൃഭൂമി
പ്രതീകാത്മക ചിത്രം | ചിത്രം ജയേഷ് പി, മാതൃഭൂമി

കോട്ടയം: പട്ടയഭൂമിയിലെ പാഴ്‌മരങ്ങൾ മുറിക്കാൻ കോട്ടയം ഹൈറേഞ്ച്‌ സർക്കിൾ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ നൽകിയ അനുമതി സർക്കാർ റദ്ദാക്കി. ഈമാസം എട്ടിന്‌ ഇറങ്ങിയ സർക്കുലറാണ്‌ വെള്ളിയാഴ്‌ച തിരുത്തിയത്‌.

1977 ജനുവരി ഒന്നിന്‌ മുമ്പ്‌ വനഭൂമി കൈവശം വെക്കുന്നവരിൽ പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽനിന്ന് കർഷകർ നട്ടുവളർത്തിയ കാറ്റാടി, കശുമാവ്‌ തുടങ്ങിയ മരങ്ങൾപോലും മുറിക്കാൻ അനുവാദം നൽകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സെപ്‌റ്റംബർ 29-ന്‌ മുള്ളരിങ്ങാട് വനംമന്ത്രി പങ്കെടുത്ത പരിപാടിയിൽ പട്ടയം കൈവശമുള്ള ഒട്ടേറെപേർ ഈ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌ വനപരിപാലന നിയമം അനുസരിച്ച്‌ പട്ടയഭൂമിയിലെ സംരക്ഷിതമരങ്ങളുടെ പട്ടികയിൽപ്പെടാത്ത മരങ്ങൾ മുറിക്കാമെന്ന്‌ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ സർക്കുലർ ഇറക്കിയത്‌.

എന്നാൽ ഇത്‌ പട്ടയഭൂമിയിൽ വ്യാപക മരംമുറിക്ക്‌ വഴിയൊരുക്കുമെന്ന്‌ പരാതി ഉയർന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ സർക്കുലർ ഇറക്കിയത്‌. നിയമത്തിൽ ഇപ്പോഴും ചില അവ്യക്തതകളുള്ളതുകൊണ്ടാണ്‌ തിരുത്തിയതെന്ന്‌ കോട്ടയം ഹൈറേഞ്ച്‌ സർക്കിൾ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ ഡി.കെ. വിനോദ്‌ കുമാർ അറിയിച്ചു.

വനഭൂമി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ വനേതര ആവശ്യത്തിന്‌ നൽകിയതാണെങ്കിലും ഡിസ് റിസർവ്‌ ചെയ്യാത്തതിനാൽ വനനിയമംതന്നെ ബാധകമാകുമെന്നതിനാൽ മരം മുറിക്കാൻ പാടില്ലെന്നതാണ്‌ ഒരുവാദം. 1980-ന്‌ മുമ്പ്‌ കൈവശം വന്ന ഭൂമിക്ക്‌ കേന്ദ്ര അനുമതിയോടെ പട്ടയം നൽകിയതിനാൽ വനഭൂമിയല്ലെന്നും 1993-ലെ നിയമത്തിലെ റൂൾ 13 അനുസരിച്ചുള്ള പത്ത്‌ മരങ്ങൾ ഒഴികെ ബാക്കി മുറിക്കാമെന്നുമാണ് മറ്റൊരുവാദം. വ്യക്‌തതയ്ക്കായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ അറിയിച്ചു.