കളക്ടർമാരെയും സെക്രട്ടറിമാരെയും മാറ്റി നിയമിച്ചതിൽ അതൃപ്തി പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Screengrab/ Mathrubhumi News
വി.ഡി. സതീശൻ | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: വകുപ്പു സെക്രട്ടറിമാരും കളക്ടർമാരും അടക്കമുള്ള ഐ.എ.എസുകാരെ മാറ്റിനിയമിച്ചതിൽ മന്ത്രിമാർക്കിടയിൽ അതൃപ്തി പുകയുന്നതിനിടെ തിങ്കളാഴ്ച രാവിലെ മന്ത്രിസഭ ചേരും. റവന്യൂ മന്ത്രി അറിയാതെയാണ് കളക്ടർമാരെ മാറ്റിയതെന്നും വ്യവസായസെക്രട്ടറിയുടെ നിയമനം വകുപ്പുമന്ത്രി അറിഞ്ഞില്ലെന്നുമാണ് ആക്ഷേപം. കളക്ടർമാരുടെ നിയമനത്തിലും ചില മന്ത്രിമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച ബക്രീദ് അവധിയായതിനാലാണ് മന്ത്രിസഭായോഗം തിങ്കളാഴ്ച ചേരുന്നത്. വൈകുന്നേരത്തോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ കാണുന്നതിനായി ഡൽഹിക്കു പോകുന്നുണ്ട്. ചൊവ്വാഴ്ചത്തേക്കാണ് പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുള്ളത്. സൗഹൃദ സന്ദർശനമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പി.എം.ശ്രീയും മറ്റു വികസനകാര്യങ്ങളും ചർച്ചയായേക്കും. കേന്ദ്രമന്ത്രിമാരെയും സന്ദർശിച്ചേക്കും. ചൊവ്വാഴ്ച രാത്രിതന്നെ മടങ്ങിയെത്താനാണ് തീരുമാനം.

മലബാർ മേഖലയിൽ ഹയർസെക്കൻഡറി ബാച്ചും സീറ്റുകളും അനുവദിക്കുന്ന കാര്യം മന്ത്രിസഭയിൽ എത്തിയേക്കും. 29-ന് നിയമസഭയിൽ ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തിന്റെ കരടും അംഗീകരിക്കും. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനുള്ള വിശദാംശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഗതാഗതവകുപ്പ് തയ്യാറാക്കുന്നുണ്ട്.

Content Highlights: Cabinet meeting convened early due to Bakreed holiday, Ministers express dissatisfaction over unilateral IAS transfers, CM V.D. Satheesan to meet Prime Minister in Delhi, Discussions on Malabar region higher secondary seat allocation, Approval of Governor's policy address draft for June 29, Planning for free KSRTC travel for women starting June 15