മണിയാർ പദ്ധതി ഏറ്റെടുക്കൽ: മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം, ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് തൊട്ടുമുൻപായി ചേർന്ന മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം. മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന് മന്ത്രി പി. രാജീവും പദ്ധതി ഏറ്റെടുക്കാൻ നേരത്തേ മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും വാദിച്ചു.
കരാർ പുതുക്കണമെന്ന സ്വകാര്യ കമ്പനിയുടെ അപേക്ഷ പരിഗണിക്കണമെന്നായിരുന്നു രാജീവിന്റെ ആവശ്യം. ഇതിനെയും കൃഷ്ണൻകുട്ടി എതിർത്തു. ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഇരുമന്ത്രിമാരും തങ്ങളുടെ വാദവുമായി തർക്കിച്ചത്.
ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു. കരാർ പുതുക്കണമെന്ന കമ്പനിയുടെ അപേക്ഷയും സർക്കാർ ഏറ്റെടുക്കുന്ന കാര്യവും പരിശോധിക്കാൻ നിയമവകുപ്പ് സെക്രട്ടറി കൺവീനറായി ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു. വ്യവസായ-ഊർജ വകുപ്പുകളിലെ അഡീ. ചീഫ് സെക്രട്ടറിമാരാണ് അംഗങ്ങൾ. സമിതിറിപ്പോർട്ട് വരുന്നതുവരെ ഏറ്റെടുക്കൽ നടപടി നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുപിന്നാലെ നടപടി നിർത്തിവെക്കണമെന്നു കാണിച്ച് ചീഫ് സെക്രട്ടറി ഊർജവകുപ്പിന് കത്ത് നൽകി.
പത്തനംതിട്ടയിലാണ് 12 മെഗാവാട്ടിന്റെ മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി. നടത്തിപ്പുകാരായ കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി 30 വർഷം കഴിയുമ്പോൾ എല്ലാ ആസ്തികളോടുംകൂടി വൈദ്യുതി ബോർഡിന് പദ്ധതി കൈമാറണമെന്നായിരുന്നു വ്യവസ്ഥ.
2024 ഡിസംബറിൽ കരാർ കാലാവധി കഴിഞ്ഞു. 25 വർഷത്തേക്കുകൂടി കാലാവധി നീട്ടിത്തരണമെന്ന കമ്പനിയുടെ അപേക്ഷ വൈദ്യുതി ബോർഡ് തള്ളി. 2018, 2019 വർഷത്തെ പ്രളയത്തിൽ പദ്ധതിക്കുണ്ടായ നാശനഷ്ടം പരിഹരിക്കാൻ വലിയ തുക ചെലവാക്കിയെന്നും അതിനാലാണ് കരാർ നീട്ടിനൽകണമെന്ന് ആവശ്യപ്പെടുന്നതെന്നുമാണ് കമ്പനിയുടെ വാദം. ഇതിനോട് അനുകൂലനിലപാടാണ് വ്യവസായ വകുപ്പ് സ്വീകരിച്ചത്. അതോടെ, കരാർ പുതുക്കാൻ കെ.എസ്.ഇ.ബി. തയ്യാറാകാതിരുന്നിട്ടും പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞില്ല.
കരാർകാലാവധി കഴിഞ്ഞതിനാൽ പദ്ധതി സർക്കാർ ഏറ്റെടുക്കാൻ മാർച്ച് 14-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കിക്കൊണ്ട് ഊർജവകുപ്പ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ പദ്ധതിപ്രദേശത്തേക്ക് ഉദ്യോഗസ്ഥരെ കമ്പനി അടുപ്പിച്ചിരുന്നില്ല.
Content Highlights: Dispute between Ministers P. Rajeev and K. Krishnankutty regarding the takeover of the 12MW Maniyar project., Private company Carborundum Universal Limited's 30-year contract expired in December 2024., Government forms an expert committee headed by the Law Secretary to review the takeover and contract renewal request., Takeover proceedings are currently on hold pending the committee's report.