സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി; പോലീസ് വകുപ്പിൽ 51 അധിക തസ്തികകൾ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വർഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പോലീസ് വകുപ്പിൽ 51 അധിക തസ്തികകൾ കൂടി സൃഷ്ടിക്കാനും യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി നീട്ടിയത്. 2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂൺ 30 വരെ നിയമനം നീട്ടി നൽകും. ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ചന്ദ്രശേഖർ 1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഇതുകൂടാതെ, പോലീസ് വകുപ്പിൽ 51 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തുല്യ എണ്ണം തസ്തികകൾ അപ്‌ഗ്രേഡ് ചെയ്ത് 4 സബ് ഇൻസ്‌പെക്ടർ ഡ്രൈവർ, 12 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെ 51 അധിക തസ്തികകൾ സൃഷ്ടിക്കും.
പ്രമോഷൻ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീഡർ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതുകൂടാതെ, ജില്ലാ ഫിഗർപ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂർ പോലീസ് റൂറൽ ജില്ലയിൽ നാല് തസ്തികകളോട് കൂടി പുതിയ ഫിഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാൻ തീരുമാനിച്ചു. ടെസ്റ്റർ ഇൻസ്‌പെക്ടർ - 1, ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ട് - 2, ഫിംഗർപ്രിന്റ് സെർച്ചർ - 1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ 'സുശക്തി' എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും. സൊസൈറ്റിയുടെ സംഘടനാ പ്രമാണവും നിയമാവലിയും അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ തസ്തിക നിർണയം അംഗീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് നിയമന അംഗീകാരം.
Content Highlights: DGP Ravada Chandrasekhar's tenure extended until June 30, 2027. 51 additional posts created in the Kerala Police Department to address promotion stagnation. A new Fingerprint Bureau to be established in Kannur Rural Police district. Approval for 'Sushakti' self-help groups for persons with disabilities., Post fixation for the 2024-25 academic year in government higher secondary schools approved.