ഓരോ ഏക്കറിലും 6000 രൂപയുടെ ശേഖരം; കുട്ടനാട്ടിലെ നീല കാർബണിന് ശതകോടികളുടെ മൂല്യം

ആലപ്പുഴ: വേമ്പനാട്ടുകായലിലും കുട്ടനാടൻ പാടശേഖരങ്ങളിലും വൻതോതിലുള്ള നീല കാർബൺ (ബ്ളൂ കാർബൺ) ശേഖരത്തിന്റെ മൂല്യം ശതകോടികൾ. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ശേഖരത്തെ പണമാക്കി മാറ്റാനാകുമെന്ന് അന്തർദേശീയ കായൽക്കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു.
‘ഈ ശേഖരം ബുദ്ധിപൂർവം വിനിയോഗിക്കണം. അതിനായി 100 കോടിയുടെ പദ്ധതി കൃഷിവകുപ്പു മുഖേന കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. കുട്ടനാട്ടിലും മറ്റുമായി 80 മീറ്റർ ആഴത്തിൽ നീല കാർബൺ ശേഖരമുണ്ട്. കുട്ടനാടൻ പാടശേഖരങ്ങളിലെ മാത്രം കാർബൺ അളന്നാൽ കുറഞ്ഞത് 6,000 രൂപ മൂല്യംവരുന്ന ശേഖരം ഓരോ ഏക്കറിലുമുണ്ടാകും. ഇവിടെ 1,40,000 ഏക്കർ പാടശേഖരമുണ്ട്’ -അദ്ദേഹം പറഞ്ഞു.
കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന വ്യവസായശാലകളുടെ സാമൂഹിക പ്രതിബദ്ധതാ നിധി(സി.എസ്.ആർ. ഫണ്ട്)യിൽനിന്ന് ഉൾപ്പെടെ വലിയതുക സമാഹരിക്കാനാകുമെന്നാണു വിലയിരുത്തൽ. ഈ തുക ഉപയോഗിച്ച് കണ്ടൽവനങ്ങളൊരുക്കാം. പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യാം.
തീരദേശ, സമുദ്ര ആവാസവ്യവസ്ഥകളിൽ സംഭരിക്കപ്പെടുന്ന കാർബൺ ആണ് നീല കാർബൺ എന്നറിയപ്പെടുന്നത്. കണ്ടൽക്കാടുകൾ, വേലിയേറ്റ ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ തീരദേശ ആവാസവ്യവസ്ഥകൾ ഭൗമവനങ്ങളെക്കാൾ കൂടുതൽ കാർബൺ ഓരോ യൂണിറ്റിലും സംഭരിക്കും. തണ്ണീർത്തടങ്ങൾ വനത്തെക്കാൾ ആറുമടങ്ങു കാർബണിനെ ആഗിരണംചെയ്യും.
കാലാവസ്ഥാവ്യതിയാനം കുറയ്ക്കുന്നതിൽ നീല കാർബണിന് വലിയ പങ്കുണ്ട്. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണ് ഇവിടത്തെ കാർബൺ ശേഖരത്തിനു കാരണം. അന്തരീക്ഷത്തിലെ കാർബണിനെ ആഗിരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത സംഭരണിയാണ് കാർബൺ സിങ്ക്. സമുദ്രം, കാട്, മണ്ണ് തുടങ്ങിയവ ഉദാഹരണം. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിലും കാലാവസ്ഥ സുസ്ഥിരമായി നിലനിർത്തുന്നതിലും ഇവയ്ക്കു പങ്കുണ്ട്.
കാർബൺ ട്രേഡിങ്
വൻകിട വ്യവസായസ്ഥാപനങ്ങൾക്കും വികസിതരാജ്യങ്ങൾക്കും കാർബൺ പുറന്തള്ളലിന്റെ പരിധി പാലിക്കാൻ പലപ്പോഴും കഴിയാറില്ല്ല. എന്നാൽ, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കോ സംരംഭങ്ങൾക്കോ അവർക്കു സാമ്പത്തികസഹായം നൽകാനാകും. കാർബൺ വ്യാപനം നിയന്ത്രിക്കുന്നവരെ സഹായിക്കുന്നതിലൂടെ, സ്വയംപരിധി പാലിക്കാൻ കഴിയാത്തവർക്ക് പിഴയിൽനിന്നു രക്ഷനേടാനുമാകും. ഇക്കാര്യത്തിൽ ലോകമെങ്ങും ചർച്ച നടക്കുന്നുണ്ട്.
Content Highlights: Kuttanad, Vembanad lake serve as blue carbon storehouses