യുവതലമുറയെ ഏതുവിധേനയും കൂടെനിർത്തണം; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

തിരുവനന്തപുരം: ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായി കേരള ബി.ജെ.പി.യിലും ഒരുക്കം. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനവും ഇതിന്റെ ഭാഗമാണ്. അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം ഇതിനുള്ള വേദിയാകും. യുവാക്കളെയും വിദ്യാർഥികളെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാക്രമക്കേട് മുൻനിർത്തി ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽനടന്ന ജെൻസീ പ്രക്ഷോഭം വിജയിച്ചതോടെയാണ് പുതുതലമുറയെ ഏതുവിധേനയും കൂടെനിർത്തണമെന്ന് ബി.ജെ.പി. തീരുമാനിച്ചത്. ഇതിനുള്ള തന്ത്രം രൂപപ്പെടുത്താൻ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സ്മൃതി ഇറാനി, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അംഗങ്ങളാണ്.
പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നീ നിലകളിലുള്ള നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണനേട്ടം ഉൾപ്പെടുത്തി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണം നയിക്കാനുള്ള ചുമതലയും 40 വയസ്സിനുതാഴെയുള്ളവർക്കായിരിക്കും. പാർട്ടി ഐ.ടി. സെൽ പുനഃസംഘടിപ്പിച്ചപ്പോഴും യുവാക്കളെ ഉൾപ്പെടുത്തിയിരുന്നു.
നാലിന് തിരുവനന്തപുരത്ത് പാർട്ടിയുടെ കോർകമ്മിറ്റി അംഗങ്ങളും മറ്റുനേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ നിതിൻ നബീൻ പങ്കെടുക്കും.
Content Highlights: Kerala BJP is implementing a national Gen-Z strategy to attract youth and students., National President Nitin Nabin's Kerala visit includes a family get-together in Kannur., A special committee including Vinod Tawde, Smriti Irani, and Rajeev Chandrasekhar is formulating the strategy., Youth under 40 will lead campaigns highlighting Narendra Modi's 25 years of governance.