പ്രഭാരി നിയമനം: കേരള ബി.ജെ.പി.യിൽ അസ്വസ്ഥത പുകയുന്നു, നേതാക്കളെ ഒതുക്കിയെന്ന് പൊതുവികാരം

#എം.കെ. സുരേഷ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

തിരുവനന്തപുരം: പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ചുമതലയേറ്റശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പുനഃസംഘടനയുടെ ഭാഗമായി നടത്തിയ പ്രഭാരി നിയമനത്തിൽ കേരള ബി.ജെ.പി.യിൽ അസ്വസ്ഥത പുകയുന്നു.

കേരളത്തിൽനിന്നുള്ള നേതാക്കളെ തീരേ പ്രാധാന്യമില്ലാത്ത സംസ്ഥാനങ്ങളിൽ പ്രഭാരിയാക്കുകയും വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള മുതിർന്നനേതാക്കളെ പൂർണമായി തഴയുകയും ചെയ്തതിലാണ് വലിയ അമർഷം. മുൻഗവർണർ കുമ്മനം രാജശേഖരനെയും പരിഗണിച്ചില്ല.

മുൻകേന്ദ്രമന്ത്രിയും മുൻ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരന് ദേശീയതലത്തിൽ അർഹമായ പ്രാതിനിധ്യം കിട്ടുമെന്നായിരുന്നു സംസ്ഥാനഘടകത്തിന്റെ കണക്കുകൂട്ടൽ. സമീപകാലംവരെ ആന്ധ്രപ്രദേശിന്റെ പ്രഭാരിയായിരുന്ന അദ്ദേഹത്തിന് ഇത്തവണ ഒരിടത്തും സംസ്ഥാനച്ചുമതല നൽകിയില്ല.

മുൻ സംസ്ഥാന അധ്യക്ഷനും തെലങ്കാനയുടെ പ്രഭാരിയുമായിരുന്ന പി.കെ. കൃഷ്ണദാസിനെയും തഴഞ്ഞു. അടുത്തിടെ ദേശീയ സെക്രട്ടറിയായ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അത്ര പ്രാധാന്യമില്ലാത്ത പുതുച്ചേരിയുടെ പ്രഭാരിസ്ഥാനമാണ് നൽകിയത്. സുരേന്ദ്രന് ദേശീയതലത്തിൽ കുറെക്കൂടി ഉയർന്നപദവി കിട്ടുമെന്നായിരുന്നു അനുകൂലിക്കുന്നവർ കരുതിയത്. എന്നാൽ, സെക്രട്ടറിസ്ഥാനമാണ് ലഭിച്ചത്.

കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ജോർജ് കുര്യന് കിട്ടിയത് ലക്ഷദ്വീപിന്റെ പ്രഭാരിസ്ഥാനം. ഇവിടൊന്നും ഈ നേതാക്കൾക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നാൽ, മുൻമുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ നാഗാലാൻഡിന്റെ പ്രഭാരിയും ഗോവയുടെ സഹപ്രഭാരിയുമാക്കി. പ്രഭാരിമാർ ദേശീയ നിർവാഹകസമിതിയുടെ ഭാഗമാകും.

അമർഷമുണ്ടെങ്കിലും നേതൃത്വത്തെ ഭയന്ന് ആരും പരസ്യപ്രതികരണത്തിന് തയ്യാറാകുന്നില്ല. ഒഴിവാക്കപ്പെട്ട പ്രമുഖ നേതാക്കളിൽ പലരും ബുധനാഴ്ച രാത്രി ഓൺലൈനായി നടന്ന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല.

സർക്കാരിനെതിരേ പ്രചാരണം

കൈക്കൂലി, ഹവാല ആരോപണത്തിൽ കേസെടുക്കാത്തതടക്കമുള്ള കാര്യം ഉന്നയിച്ച് സർക്കാരിനെതിരേ വ്യാപക പ്രചാരണത്തിന് ബി.ജെ.പി. തയ്യാറെടുക്കുന്നു. കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. യു.ഡി.എഫും എൽ.ഡി.എഫും രണ്ടല്ല, ഒന്നാണ് എന്നതാണ് പ്രചാരണത്തിന്റെ കാതൽ.

Content Highlights: Kerala BJP leaders express discontent over recent appointments, feeling sidelined in the reorganization led by new national president Nitin Nabin, with key figures like V. Muraleedharan and P.K. Krishnadas overlooked.