വികസനം മാത്രം പോരാ, ഹിന്ദുത്വ രാഷ്ട്രീയം വിട്ടുകളിക്കരുതെന്ന് കേരള ബി.ജെ.പി.യോട് പരിവാർ

കൊല്ലം: വികസന മുദ്രാവാക്യം മാത്രം ഉന്നയിച്ചാൽ പോരെന്നും കേരളത്തിലെ ഹിന്ദു പ്രശ്‌നങ്ങൾക്കുകൂടി ഊന്നൽ നൽകണമെന്നും ബി.ജെ.പി.ക്കുമേൽ സമ്മർദം. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ബി.ജെ.പി., ആർ.എസ്.എസ്., ഹിന്ദു ഐക്യവേദി, ബി.എം.എസ്. സംയുക്ത യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. ശബരിമല സ്വർണക്കൊള്ള സി.ബി.ഐ. അന്വേഷിക്കണം, യുവതീപ്രവേശന വിവാദകാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തലങ്ങളിൽ സമരം ചെയ്യാൻ യോഗം തീരുമാനിച്ചതായാണ് വിവരം.
വിദേശ ധനസഹായ നിയന്ത്രണ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ബലികഴിച്ച് നിലപാടെടുക്കരുതെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പത്തനംതിട്ട ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രൈസ്തവ പ്രാർഥനാലയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പി. നേതൃത്വം മൃദുസമീപനം സ്വീകരിച്ചതായും വിമർശനമുണ്ടായി. കേരളത്തിലെ പൊതുരാഷ്ട്രീയം ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.
കേരളത്തിൽ രാഷ്ട്രീയാടിത്തറ വികസിപ്പിക്കുന്നതിന്, വികസന മുദ്രാവാക്യമുയർത്തണോ ഹിന്ദുത്വപാത സ്വീകരിക്കണോ എന്നതിനെച്ചൊല്ലി സമീപകാലത്തായി ബി.ജെ.പി.ക്കുള്ളിൽ തർക്കമുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റ് ആയപ്പോഴാണ്, 'വികസനം' പ്രധാന മുദ്രാവാക്യമായി മാറ്റിയത്. മധ്യവർഗ വോട്ടർമാരെ ആകർഷിക്കാൻ തീവ്രനിലപാടുകൾ മാറ്റിവെച്ച്, കേന്ദ്ര സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടണമെന്നാണ് രാജീവിന്റെ ലൈൻ. ഇതുവഴി ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നാണ് വാദം. എന്നാൽ രാഷ്ട്രീയം പറയാതെ വികസനം മാത്രം പറയുന്നത് ഗുണം ചെയ്യില്ലെന്ന എതിർവാദവും ശക്തമാണ്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ ഔട്ട് റീച്ച് പോലുള്ള പരിപാടികൾ ഫലം കണ്ടില്ലെന്ന വിമർശനം പാർട്ടിയിലെ വലിയ വിഭാഗം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ സ്വാഭാവിക വോട്ട് ബാങ്കായ ഹിന്ദു വോട്ടുകളുടെ പൂർണമായ ഏകീകരണമാണ് വേണ്ടതെന്നാണ് അവരുടെ വാദം. നിയമസഭാ തിരഞ്ഞെടുപ്പിലും 'വികസിത കേരള'മായിരുന്നു പ്രധാന മുദ്രാവാക്യം. തിരഞ്ഞെടുപ്പിനുശേഷം നടന്ന വിലയിരുത്തൽ യോഗങ്ങളിൽ ഈ നിലപാട് വിമർശിക്കപ്പെട്ടു. ക്രൈസ്തവസഭകൾക്കുവേണ്ടിയുള്ള ഇടപെടലുകൾ, അടിസ്ഥാന ഹിന്ദു വോട്ട് നഷ്ടപ്പെടുത്തുമെന്നാണ് ഹിന്ദു ഐക്യവേദിയുടെയും മറ്റും നിലപാട്.
Content Highlights: Internal pressure on BJP to shift focus from development to core Hindutva issues., Controversy over Christian outreach programs and their impact on traditional Hindu vote banks., Demand for CBI investigation into Sabarimala gold theft and withdrawal of protest-related cases., Strategic debate between Rajeev Chandrasekhar's development model and ideological purists.