കരാർ ചതിച്ചു; ബെവ്കോയിലെ ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് ബോണസില്ല

പ്രതീകാത്മക ചിത്രം |  Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

വൈക്കം: ഓണത്തിന് ബെവറജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോഡ്‌ ബോണസ് സർക്കാർ പ്രഖ്യാപിച്ചത് ചർച്ചയാകുമ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലെത്തിയ ജീവനക്കാർക്ക് ബോണസ് ലഭിക്കില്ല. മാതൃസ്ഥാപനത്തിൽനിന്ന് ബെവറജസ് കോർപ്പറേഷനിലെത്തിയപ്പോൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥയാണ് കാരണം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ 200 പേരാണ് വിവിധ ബെവ്കോ ഔട്‌ലെറ്റുകളിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്നത്. അഞ്ചുവർഷത്തേക്കാണ് നിയമനം. മാതൃസ്ഥാപനത്തിൽനിന്നുള്ള എതിർപ്പില്ലാരേഖ വാങ്ങിയെത്തിയതിനാൽ അവിടെനിന്നുള്ള ബോണസും ലഭിക്കില്ല.

മാതൃസ്ഥാപനത്തിൽനിന്ന് ലഭിച്ചിരുന്ന വേതനംതന്നെയാണ് ബെവ്കോയിലും ലഭിക്കുന്നതെന്നതിനാൽ, പലരും കുറഞ്ഞ ശമ്പളത്തിലാണ് ജോലിചെയ്യുന്നത്.

സ്ഥിരം ജീവനക്കാരുടെ അതേ ഉത്തരവാദിത്വം നിറവേറ്റണം, സാമ്പത്തികബാധ്യതയുണ്ടായാൽ അത് പരിഹരിക്കണം. അതേസമയം, ബോണസിന് അർഹതയില്ലെന്നാണ് കരാറിലുള്ളത്. ഡെപ്യൂട്ടേഷനിലെത്തി ഒരുവർഷം ജോലിചെയ്താൽ അതേവകുപ്പിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ബോണസ് ആക്ടിൽ വ്യവസ്ഥയുണ്ടെന്ന് ജീവനക്കാർ പറയുന്നു.

കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാർക്ക് 1.02 ലക്ഷം രൂപയും ഔട്‌ലെറ്റിലെയും ഹെഡ്ക്വാർട്ടേഴ്‌സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപയും ബോണസ് നൽകാനാണ് സർക്കാർ തീരുമാനം. ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സുരക്ഷാജീവനക്കാർക്ക് 12,500 രൂപ ബോണസ് ലഭിക്കും. തുല്യമായ ജോലിചെയ്തിട്ടും നീതിനിഷേധമാണിതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കരാർവ്യവസ്ഥയാണ് കാരണമെന്നും, അടുത്തവർഷം ഇക്കാര്യത്തിൽ പുനരാലോചന നടത്തുമെന്നും ബെവറജസ് കോർപ്പറേഷൻ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.

Content Highlights: Deputation staff at Kerala State Beverages Corporation will not receive the record Onam bonus