കൈകൾ ചേർത്തു പിടിച്ച് അവർ നീങ്ങി, അടിവലിപ്പ് അറിയാതെ പോയി, നഷ്ടപ്പെട്ടത് 4 ജീവൻ

തിക്കോടി: വേലിയിറക്കസമയമായതിനാല്‍ പതിവുപോലെ ഞായറാഴ്ച വൈകീട്ട് കല്ലകത്ത് ബീച്ചില്‍ വെള്ളം നന്നായി ഉള്‍വലിഞ്ഞിരുന്നു. തിരമാലകള്‍ക്കും താരതമ്യേന ശക്തി കുറവായിരുന്നു.
വേലിയിറക്കസമയത്ത് തീരത്തുനിന്ന് മുക്കാല്‍ കിലോമീറ്ററോളം കടലിലേക്ക് ഇറങ്ങിപ്പോകാന്‍ പറ്റുന്ന പ്രത്യേക സ്ഥിതിയാണ് കല്ലകത്ത് ബീച്ചിലുള്ളത്. അതുകൊണ്ടുതന്നെ ധാരാളംപേര്‍ കടലിലേക്ക് ഇറങ്ങും. എന്നാല്‍, വെള്ളം കയറുമ്പോള്‍ കടല്‍ പൂര്‍വസ്ഥിതിയിലാവും. ഈ ഭാഗത്ത് കടലില്‍ തിട്ടകളും താഴ്ചകളും ചാലുകളുമുണ്ട്. കടല്‍ ഉള്‍വലിഞ്ഞിരുന്നെങ്കിലും അടിവലിപ്പ് (താരി) കൂടുതലായിരുന്നെന്ന് കടുക്കത്തൊഴിലാളിയായ പി.പി. ഷെഫീഖ് പറഞ്ഞു. കടലിന്റെ സ്വഭാവം മാറിമറിയുന്നതോ, അടിയൊഴുക്കുകളോ അറിയാതെ കടലില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. വയനാട്ടില്‍നിന്ന് കടല്‍ ആസ്വദിക്കാനെത്തിയവര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു.
മരിച്ച ബിനീഷ്, ഫൈസല്‍, വാണി, അനീസ, രക്ഷപ്പെട്ട ജിന്‍സി എന്നിവര്‍ കൈചേര്‍ത്തുപിടിച്ചാണ് കടലിലേക്ക് നടന്നുനീങ്ങിയതെന്ന് ബീച്ചില്‍ പെട്ടിക്കട നടത്തുന്ന താഴത്ത് നൗഫല്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഗാര്‍ഡ് കടലിലേക്ക് കൂടുതല്‍ ഇറങ്ങുന്നത് വിലക്കിയതായും പറയപ്പെടുന്നു. പെട്ടെന്ന് തിരമാല ശക്തമായപ്പോള്‍ അടിതെറ്റി അഞ്ചുപേരും ഒഴുക്കില്‍പ്പെട്ടു. നൗഫലാണ് അപകടവിവരം ആദ്യമറിയുന്നത്. അദ്ദേഹം ഒച്ചവെച്ചതിനെത്തുടര്‍ന്ന് കടുക്കത്തൊഴിലാളികളായ പള്ളിപറമ്പ് ഷെഫിഖ്, അഴിയിട്ട വളപ്പില്‍ കബീര്‍, അഴിയിട്ട വളപ്പില്‍ റിയാസ്, സിറാജ് തട്ടാന്റവിട, ഹാരിസ് ചാലില്‍, കോട്ടവളപ്പില്‍ സിദ്ദിഖ് എന്നിവരും സമീപവാസികളും ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. അഞ്ചരയോടെ എല്ലാവരെയും കണ്ടെത്തി കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഒരാള്‍ ഒഴിച്ച് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം കടലില്‍ വീണത് ഫൈസലായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഷെഫീഖ് പറഞ്ഞു. ഇയാളുടെ ശരീരമാണ് അവസാനം കിട്ടിയതും. അപകടവിവരമറിഞ്ഞ് കൊയിലാണ്ടി ഫയര്‍ ഓഫീസര്‍ സി.കെ. മുരളീധരന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും പയ്യോളി പോലീസും സ്ഥലത്തെത്തിയിരുന്നു.
Content Highlights: Five people drowned at Kalakat Beach in Kerala after being swept away by a sudden strong current