കൈവിട്ടകളിയാകുമോ നിയമസഭാ കയ്യാങ്കളി കേസ്? വിചാരണ CJM കോടതിയിൽ; ആദ്യഘട്ടത്തിൽ വിസ്തരിക്കുക 2 സാക്ഷികളെ

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്തുനടന്ന നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വിചാരണ തിരുവനന്തപുരം സിജെഎം കോടതിയിൽ ആരംഭിക്കുന്നു. കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത ഏടായ കയ്യാങ്കളി കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തിൽ രണ്ടു സാക്ഷികളെയാണ് വിസ്തരിക്കുക. സംഭവം നടന്ന സമയത്തെ നിയമസഭാ സെക്രട്ടറിയായിരുന്ന ശാരങ്കധരൻ, സഭയിലെ ദൃശ്യങ്ങൾ പകർത്തിയ ഡിവിആർ (DVR) കോപ്പി ചെയ്ത എൻജിനീയർ എന്നിവരെയാണ് നവംബർ മൂന്നിന് വിസ്തരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സിപിഎമ്മിലും ബിജെപിയിലും ഉള്ളവരാണ് നിലവിൽ കേസിൽ പ്രതിയായിട്ടുള്ളത്. സംഭവസമയത്ത് എൽഡിഎഫ് മുന്നണിക്കൊപ്പമായിരുന്ന ഒന്നാം പ്രതി കെ. അജിത്ത് ഇപ്പോൾ ബിജെപിക്കൊപ്പമാണ്.
എന്താണ് നിയമസഭാ കയ്യാങ്കളി കേസ്?
2015 മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ ബാർ കോഴ ആരോപണം ഉന്നയിച്ച് എൽഡിഎഫ് ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ ചില പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് കയറുകയും കമ്പ്യൂട്ടറുൾപ്പടെയുള്ള നിയമസഭാ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. 2.20 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് റിപ്പോർട്ട് ചെയ്തത്.
വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.
2018-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. വിചാരണകോടതിയും ഹൈക്കോടതിയും സർക്കാരിന്റെ ആവശ്യം തള്ളുകയായിരുന്നു. കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് എൽഡിഎഫ് സർക്കാറിന്റെ ആവശ്യം തള്ളി.
നിയമസഭയിൽ അഭിപ്രായ പ്രകടനത്തിനും നിയമനിർമാണ പ്രവർത്തനങ്ങൾക്കുമുള്ള പ്രത്യേക അവകാശങ്ങൾ നിയമസഭാംഗങ്ങൾക്ക് ഉണ്ടെങ്കിലും അത് പൊതുമുതൽ നശീകരണമുൾപ്പടെയുള്ള ക്രിമിനൽ പ്രവൃത്തികൾക്ക് സംരക്ഷണം നൽകുന്നില്ലെന്ന് കോടതി വ്യകതമാക്കിയിരുന്നു. ഇന്നും സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പല പ്രമുഖരുടേയും രാഷ്ട്രീയഭാവിക്കുനേരെ ഉയരുന്ന ചോദ്യം കൂടിയാണ് കേരളം ഉറ്റുനോക്കുന്ന ഈ കേസിന്റെ വിധി.
Content Highlights: Trial for the 2015 Kerala Assembly riot case begins at the Thiruvananthapuram CJM Court., First phase of trial includes examination of two witnesses on November 3: the former Assembly Secretary and the recording engineer., Prominent political figures from LDF and BJP are among the accused in the property destruction case., Supreme Court and High Court previously rejected the state government's plea to withdraw the criminal case.