'മൂന്നാമതും പിണറായി സർക്കാർ വരും,വിരട്ടലൊന്നും വേണ്ട, ചിലത് പറഞ്ഞാൽ മുണ്ട് തലയിലിട്ട് പോകേണ്ടി വരും'

തിരുവനന്തപുരം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇന്നും വാക്‌പോര്. സഭാ നടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ തുടർച്ചയായിരുന്നു ഇന്നും സഭയിൽ അരങ്ങേറിയത്. സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിപക്ഷാംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചു എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം തെറ്റാണെന്നും അത് പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തെ സ്പീക്കർ ശരിവെച്ചു. വാച്ച് ആൻഡ് വാർഡിനെ ഒരു അംഗം അടിച്ചുവെന്നും അദ്ദേഹത്തിന് മോശമാകുന്നത് കൊണ്ടാണ് പേര് പറയാത്തതെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
സഭയിൽ തങ്ങൾ യാതൊരുവിധ കോപ്രായങ്ങളും നടത്തിയിട്ടില്ലെന്നും ബാനറുകൾ ഉയർത്തി പ്രതിഷേധിക്കുന്നത് നിയമസഭയിൽ ആദ്യമായല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർ മൈക്ക് ലഭിക്കുമ്പോൾ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തന്നെ പ്രതിപക്ഷം അന്ധനെപ്പോലെയാക്കിയെന്ന് സ്പീക്കറുടെ വാദത്തെ മന്ത്രി എം.ബി.രാജേഷ് പിന്തുണച്ചു. കഴിഞ്ഞ കുറേ ദിവസമായി സ്പീക്കറെ അന്ധനാക്കുകയാണ്. സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറിയ അംഗം ഹൈജംപിന് പോയി പരിശീലിച്ചിരുന്നെങ്കിൽ നാടിന് വല്ല ഗുണവും ഉണ്ടാകുമായിരുന്നുവെന്ന് എം.ബി.രാജേഷ് പറഞ്ഞു. ഗാന്ധാരിയെ പോലെ സ്വയം കണ്ണുകെട്ടുന്നു. പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക് പോരിനിടെ മൂന്നാമതും പിണറായി സർക്കാർ വരുമെന്ന് പറഞ്ഞ വി.ശിവൻകുട്ടി വിരട്ടലൊന്നും തങ്ങളോട് വേണ്ടെന്നും വ്യക്തമാക്കി. 'ആവശ്യമില്ലാതെ വിരട്ടൽ വേണ്ട, ഞങ്ങൾ ചില കാര്യങ്ങൾകൂടി ഇവിടെ പറഞ്ഞാൽ പലരും മുണ്ട് തലയിലിട്ട് ഇവിടെനിന്ന് പോകേണ്ടി വരും. അതിൽ സംശയംവേണ്ട' ശിവൻകുട്ടി പറഞ്ഞു.
Content Highlights: Kerala Assembly Disruption: Opposition Walks Out Amidst Heated Exchange