ഇന്ധന വിലയിൽ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാൽ; നിങ്ങളുടെ കടം തീർക്കാനുണ്ടെന്ന് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ, കെ.എൻ. ബാലഗോപാൽ | Photo: മാതൃഭൂമി
വി.ഡി. സതീശൻ, കെ.എൻ. ബാലഗോപാൽ | Photo: മാതൃഭൂമി

തിരുവന്തപുരം: പതിനാറാം കേരള നിയമസഭയിൽ പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ തള്ളി. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം തള്ളുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ട് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. വിപണി ഇടപെടൽ നടത്തുന്നതിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 3000 കോടി രൂപ സിവിൽ സപ്ലൈയ്ക്കോയ്ക്ക് കൊടുക്കാൻ കടം ബാക്കിവെച്ചാണ് ഇടതു സർക്കാർ പോയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധനസ്ഥിതി സംബന്ധിച്ച് ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എൻ. ബാലഗോപാലാണ് അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ നൽകിയത്. വില കുറഞ്ഞിട്ട് തീരുമാനം പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പറഞ്ഞ കാര്യത്തിലെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും ബാലഗോപാൽ സഭയിൽ പറഞ്ഞു.

കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞത്

മാർച്ച് 31ന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഭീമമായ വിലവർധനവാണ് ഓരോ ഉത്പന്നങ്ങൾക്കും വർധിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില 1883 രൂപയിൽ നിന്നും ഒറ്റയടിക്ക് 3133 രൂപയായി വർധിച്ചു. ഹോട്ടലുകൾ പലതും പ്രവർത്തിക്കാത്ത അവസ്ഥയായി. പെട്രോൾ വിലയും ഡീസൽ വിലയും വർധിച്ചു. നിർമാണ മേഘലയിൽ സമാന പ്രതിസന്ധിയുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെട്രോളിന്റെ വിലവർധിച്ച ഘട്ടത്തിൽ, ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമാ യിരുന്നു വി.ഡി. സതീശൻ ശബ്ദമുയർത്തിയതും നാട്ടിൽ സമരം നടത്തിയതും സംസ്ഥാന ടാക്സ് കുറച്ചുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. അത് പറഞ്ഞ ഒരാളെന്ന നിലയിൽ വർധിച്ച അധികനികുതി സംസ്ഥാനത്തിന് കിട്ടുന്നത് കുറച്ചു കൊടുക്കുന്നത് ജനങ്ങളോടുള്ള മര്യാദയാണ്. അത് സംബന്ധിച്ചുള്ള നിലപാട് മുഖ്യമന്ത്രി പറയണം. കണക്ക് കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ല.

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്തിരിക്കുമ്പോഴും എൽഡിഎഫിന്റെ അഭിപ്രായം മാറിയില്ല. 2018ലും 2022ലും ഇളവുകൊടുത്തുവെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

അടിയന്തരപ്രമേയം അവതരിപ്പിച്ചതിൽ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാകുന്ന പ്രശ്നമില്ല. കുറച്ചു കാര്യങ്ങൾ കേന്ദ്രത്തിനെതിരേ പറയേണ്ടി വരും. അങ്ങനെ ചർച്ച ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പാലിക്കുന്ന ആളാണ് എന്ന് തെളിയിക്കാൻ പറ്റും. ഇപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവം, അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ വാക്ക് മാത്രമാണ്. വാക്കുപാലിക്കാനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി

2016 മുതൽ 2025 ജനുവരി 31 വരെ ഡീസൽ - പെട്രോൾ വിലവർധനവിന്റെ ഭാഗമായി 3100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ട്. അന്ന് ഒരു രൂപ കുറച്ചിട്ടില്ല. അന്ന് അധിക നികുതി ഉണ്ടായപ്പോൾ അതിൽ നിന്ന് ഒരു തുക ടാക്സി ഡ്രൈവർമാരേയും ഓട്ടോ റിക്ഷാ ഡ്രൈവർമാരേയും സഹായിക്കണമെന്ന് പറഞ്ഞു. അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞത്, അത്തരം മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല എന്നാണ്. നികുതി കുറക്കുന്ന മണ്ടത്തരങ്ങൾ ഇടതുസർക്കാർ കാണിക്കില്ല എന്ന് മുൻ ധനകാര്യമന്ത്രി സഭയിൽ പറഞ്ഞതാണ്. ഇപ്പോൾ ആ മണ്ടത്തരം ചെയ്യാൻ വേണ്ടിയാണോ മുൻ ധനകാര്യമന്ത്രി ഞങ്ങളെ ഉപദേശിച്ചത്.

2893 കോടി രൂപ സിവിൽ സപ്ലൈസ് കോർപ്പറേഷന് മുൻ സർക്കാർ കൊടുക്കാനുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ് കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടേണ്ട ഏജൻസി. ആ ഏജൻസിക്ക് മൂവായിരത്തോളം കോടി രൂപ കടമായി വെച്ചാണ് മുൻ സർക്കാർ പോയത്. ആ കടം കൊടുത്താൽ മാത്രമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന് മാർക്കറ്റിൽ ഇടപെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ പറ്റൂ.

Content Highlights: Opposition moved an emergency motion in the 16th Kerala Legislative Assembly regarding inflation., KN Balagopal urged the CM to honor past promises of reducing state taxes on fuel., CM VD Satheesan attributed current inflation to West Asian conflicts and previous government debts., The government plans to release a white paper on the state's financial status., Civil Supplies Corporation faces a debt of nearly 3000 crore rupees inherited from the previous administration.