‘മോസ്‌കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുട പിടിച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത്’

വി.ഡി. സതീശന്‍, പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി, PTI
വി.ഡി. സതീശന്‍, പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി, PTI

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനുംതമ്മിൽ വാക്പോര്. ധവളപത്രത്തിന്റെ പേരിൽ ഉമ്മാക്കി പ്രയോഗംമുതൽ തിരഞ്ഞെടുപ്പുകാലത്തുയർന്ന ഡീൽ ആരോപണംവരെ വാദപ്രതിവാദങ്ങളായി സഭയിലുയർന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിവുപോലെ കടലാസിലെഴുതി തയ്യാറെടുത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേകം തയ്യാറാക്കിയ കുറിപ്പുകളൊന്നുമില്ലാതെയാണ് ഒന്നേകാൽ മണിക്കൂറോളം സംസാരിച്ചത്.

ഇടയ്ക്ക് ലോകമഹായുദ്ധവും കമ്യൂണിസ്റ്റ് ചരിത്രവുമൊക്കെ വാദപ്രതിവാദ വിഷയമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചെന്നും പിന്നീട് ഹിറ്റ്ലർ ആക്രമിച്ചപ്പോഴാണ് അവർ യുദ്ധത്തിൽ പങ്കാളിയായതെന്നും പിണറായി പറഞ്ഞു. എന്നാൽ, പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രി ഖണ്ഡിച്ചു.

1939-ൽ സ്റ്റാലിൻ-ഹിറ്റ്ലർ ഉമ്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാർ സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ മാറിയത്. മോസ്‌കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിച്ച് നടക്കുന്ന കമ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളത് -സതീശൻ പറഞ്ഞു.

Content Highlights: Heated exchange between CM VD Satheesan and Opposition Leader Pinarayi Vijayan in the Kerala Assembly., Debate centered on historical references to WWII, Stalin, and Hitler., Satheesan criticized the CPI(M) for their historical alignment with Soviet policies., Pinarayi Vijayan defended the communist stance during the war era., The session highlighted deep political polarization within the assembly.