ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

തിരുവനന്തപുരം: എ.ഐ ക്യാമറ പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ- ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാം. https://echallan.parivahan.nic.in/challan-ൽ വിവരങ്ങൾ ലഭ്യമാണ്.
എ.ഐ ക്യാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്താനാണ് തീരുമാനം. മുൻപ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലർ ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതും പരാതിക്ക് ഇടയാക്കി.
കൺട്രോൾ റൂമുകളിൽ നിന്നും അയയ്ക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളിൽ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. തിയേറ്ററിൽ നിറഞ്ഞോടുന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനും നായികയും സീറ്റ് ബെൽറ്റ് ഇടാതെ നടത്തിയ രഹസ്യയാത്രയ്ക്ക് പിഴചുമത്തിയ ചി്ത്രമുള്ള നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പല കുടുംബങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്. വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്. എന്നാൽ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.
അതേസമയം പിഴ ചുമത്തുന്നതിലെ പോരായ്മകൾ കണ്ടെത്തണമെങ്കിൽ ചിത്രങ്ങൾ പരിശോധിക്കണമെന്നുള്ളതിനാൽ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് ചില വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾക്കും പിഴ നോട്ടീസ് വരുന്നുണ്ട്. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ https://echallan.parivahan.nic.in/grievance-ൽ പരാതി നൽകാം.
Content Highlights: e-Challan portal updated to make AI camera violation photos private., Vehicle registration details and OTP/owner consent required to view photos., Changes implemented after photos caused family disputes and social media misuse., Grievance redressal link provided for incorrect fines due to fake number plates.