കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളി; അധ്യാപക പരിഷത്ത് നേതാവ് കാർഷിക സർവകലാശാല വിസി; വിമ‍ർശനവുമായി സർക്കാർ

#ന്യൂസ് ഡെസ്ക്
ഡോ. ടി. സജിതാ റാണി, റോജി എം. ജോൺ
ഡോ. ടി. സജിതാ റാണി, റോജി എം. ജോൺ

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ രാഷ്ട്രീയ പോര്. കൃഷിമന്ത്രി ടി. സിദ്ദീഖ് ശുപാർശചെയ്ത പേരുകൾ തള്ളിക്കൊണ്ട്, ബിജെപി അനുകൂല സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ നേതാവ് ഡോ. ടി. സജിതാ റാണിയെ താൽക്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ചു.

എംജി സർവകലാശാലയിൽ ബിജെപി ബന്ധമുള്ള വ്യക്തിയെ വിസിയായി നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും സമാനമായ നീക്കം ഉണ്ടായിരിക്കുന്നത്. സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതുവരെയുള്ള ചുമതലയാണ് സജിതാ റാണിക്കുള്ളത്.

സർക്കാർ നിർദേശിച്ച പേരുകളിൽനിന്ന് മെറിറ്റ് നോക്കി വിസിയെ കണ്ടെത്തേണ്ടതിന് പകരം, അധ്യാപക പരിഷത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന സജിതാ റാണിയെ തിരഞ്ഞെടുത്ത ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആരോപിച്ചു.

വിസി നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും സർക്കാർ നൽകിയ ലിസ്റ്റ് മറികടന്നാണ് ഗവർണർ ഈ നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ചാൻസലർമാരെ ഉപയോഗിച്ചുകൊണ്ട് സർവകലാശാലകളുടെ അധികാരം പിടിച്ചടക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളിൽ നടത്തുന്ന ഇത്തരത്തിലുള്ള രാഷ്ട്രീയ നിയമനങ്ങളോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗവർണറുടെ നിയമനത്തെ കോടതിയിൽ ചോദ്യംചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും റോജി എം. ജോൺ അറിയിച്ചു.

Content Highlights: Governor appointed Dr. Sajitha Rani as interim KAU VC bypassing government recommendations., Minister Roji M. John labels the appointment a violation of democratic principles., State government is actively considering legal action against the Governor's decision., The move is seen as part of a broader conflict between the state and central government-appointed chancellors.