കേരളത്തിന്റെ മൂന്നും നാലും റെയിൽപ്പാതകൾ: ഡിപിആർ മാർച്ചോടെ പൂർത്തിയാക്കും,നിർമാണം അഞ്ച് വർഷത്തിനകവും

ചെന്നൈ: കേരളത്തിലെ നിർദിഷ്ട മൂന്ന്, നാല് റെയിൽപ്പാതകൾക്കുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) അടുത്തവർഷം മാർച്ചോടെ പൂർത്തിയാക്കും. സ്ഥലം വിട്ടുകിട്ടിയാൽ അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാവുമെന്നാണ് ദക്ഷിണ റെയിൽവേയുടെ കണക്കുകൂട്ടൽ.
മൂന്നാംപാത നിർമാണം പൂർത്തിയായശേഷമായിരിക്കും നാലാം പാതയുടെ നിർമാണം തുടങ്ങുക. ഡി.പി.ആർ. തയ്യാറാക്കാനുള്ള കരാർ ആറുമാസം മുൻപുതന്നെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആർവീ അസോസിയേറ്റ് എന്ന സ്വകാര്യ ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ സംഘങ്ങൾ നാലുമേഖലകളിലായാണ് പ്രവർത്തനം നടത്തുന്നത്. നിലവിലുള്ള റെയിൽപ്പാതകൾക്ക് സമാന്തരമായോ, സ്ഥലലഭ്യതയ്ക്കനുസരിച്ച് പുതിയ പ്രദേശത്തുകൂടിയോ ആണ് പാതകൾ നിർമിക്കുക. സ്ഥലം ഒരുമിച്ച് ഏറ്റെടുക്കും. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാവുന്നവിധത്തിലാവും പാതകൾ. നിലവിലുള്ള പാതകൾക്ക് വളവും തിരിവും കയറ്റവും ഇറക്കവുമുള്ളതിനാൽ തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറിൽ മിക്കയിടത്തും 50-55 കിലോമീറ്ററാണ്.ഈ പോരായ്മകളെല്ലാം പരിഹരിക്കുന്ന രീതിയിലായിരിക്കും പുതിയ നിർമാണം. നിലവിലുള്ള പാതകളിലൂടെ അവയുടെ ശേഷിയിൽ തീവണ്ടികൾ കടത്തിവിടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പുതുതായി തീവണ്ടികൾ അനുവദിക്കാനോ, അവധി-ഉത്സവ കാലങ്ങളിൽ പ്രത്യേക തീവണ്ടികൾ ഓടിക്കാനോ പരിമിതിയുണ്ട്. അതിനാലാണ് വർഷങ്ങളായി മൂന്നും നാലും പാതകൾക്കായി മുറവിളിയുള്ളത്.
നടപ്പാക്കുക 4 ഘട്ടങ്ങളായി
1 മംഗളൂരു ⇄ ഷൊർണൂർ
2 ഷൊർണൂർ ⇄ എറണാകുളം
3 എറണാകുളം ⇄ കായംകുളം
4 കായംകുളം ⇄ തിരുവനന്തപുരം
കോയമ്പത്തൂർ, നാഗർകോവിൽ റൂട്ടുകളിലും
ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് മൂന്നുംനാലും പാതകളുടെ നിർമാണവും തിരുവനന്തപുരത്തുനിന്ന് നാഗർകോവിലേക്കുള്ള മൂന്നാം പാതയുടെ നിർമാണവും നടക്കും. വിഴിഞ്ഞം തുറമുഖത്തുനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കോയമ്പത്തൂരിലേക്കും കണ്ടെയ്നറുകൾ അടങ്ങിയ ചരക്കുതീവണ്ടി സർവീസ് നടത്തണമെങ്കിൽ മൂന്നും നാലും പാതകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ട്.
കാലതാമസത്തിന് പിന്നിൽ സിൽവർ ലൈനും
കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ മൂന്നാംപാത വേണമെന്നും സ്ഥലം ഏറ്റെടുത്തുകൊടുക്കണമെന്നും റെയിൽവേമന്ത്രാലയം വർഷങ്ങളായി ആവശ്യപ്പെടുന്നു. സിൽവർ ലൈനിന്റെ ചർച്ചകൾക്ക് ചൂടുപിടിച്ചപ്പോൾ മറ്റ് റെയിൽവേ പദ്ധതികൾക്കായുള്ള ശ്രമം മുരടിച്ചെന്നാണ് റെയിൽവേ പറയുന്നത്.
Content Highlights: DPR for 3rd and 4th railway lines scheduled for completion by March 2026., Project to be executed in four phases covering Mangaluru to Thiruvananthapuram., New tracks designed for speeds up to 160 km/h to replace current slow networks., Integration with Vizhinjam port for efficient freight movement., Land acquisition remains a critical factor for the 5-year completion timeline.