നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്റെ പേരിൽ കെട്ടിവെക്കരുത്-കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിലെ വിവിധ നേതാക്കൾ നടത്തുന്ന വ്യക്തിപരമായ അഭിപ്രായങ്ങളെ തന്റെ പേരുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. സർക്കാരിനെതിരെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ താൻ നിന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ശക്തരും കഴിവുള്ളവരും അല്ലാത്തവരുമായ നിരവധി നേതാക്കന്മാരുണ്ട്. അവരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ പെട്ടെന്ന് കെ.സി. വേണുഗോപാലുമായി കൂട്ടിച്ചേർക്കാൻ ചിലർ ശ്രമിക്കുന്നു. എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
2029-ൽ രാജ്യത്തെ ജനാധിപത്യം തകർക്കുന്ന സിസ്റ്റത്തെ മാറ്റി അവിടെ ഒരു പുതിയ ജനാധിപത്യ സർക്കാരിനെ കൊണ്ടുവരാൻ കഴിയുന്നത്ര ജോലി ചെയ്യുക എന്നത് നിലവിൽ തന്റെ മനസ്സിലുള്ള ഒരേയൊരു ചിന്ത. ഇതിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറായി ജോലി ചെയ്യുന്ന ആളാണ് താനെന്നും മറ്റുള്ളവരും അങ്ങനെയായിരിക്കും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിലല്ലാതെ പുറത്ത് ചർച്ച ചെയ്യുന്നതിനോട് തനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത് തന്റെ വ്യക്തമായ നിലപാടാണ്. കഴിഞ്ഞ 40 കൊല്ലത്തെ തന്റെ രാഷ്ട്രീയ പ്രവർത്തന ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ ഒരിക്കൽപോലും അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലത്തുപോലും സർക്കാരിന്റെ പോളിസി വിഷയങ്ങളിൽ ചില അഭിപ്രായങ്ങൾ ക്യാമ്പുകളിലൂടെയല്ലാതെ പുറത്ത് പറയാറില്ലായിരുന്നു.
പാർട്ടിയിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പാർട്ടിക്കുള്ളിലെ ഏത് ചെറിയ അഭിപ്രായവ്യത്യാസവും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കുന്ന ഒരു സംവിധാനമായി മുന്നോട്ടുപോകാൻ തങ്ങൾ ഒറ്റക്കെട്ടായി ഉണ്ടാകും. കൊച്ചു കൊച്ചു അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ച് തീർക്കുമെന്നും അതിന് നേതൃത്വം തന്നെ മുൻകൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഇപ്പോൾ ശക്തനായ ഒരു പ്രസിഡന്റ് കെ.പി.സി.സി.ക്ക് ഉണ്ടെന്ന് വേണുഗോപാൽ മറുപടി നൽകി. സ്ഥിരം പ്രസിഡന്റും അല്ലാത്ത പ്രസിഡന്റും തമ്മിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സണ്ണി ജോസഫ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറേണ്ടതുണ്ടോയെന്ന് എ.ഐ.സി.സി. പ്രസിഡന്റാണ് തീരുമാനിക്കേണ്ടതെന്നും, ആ തീരുമാനമുണ്ടാകുമ്പോൾ അദ്ദേഹം മാറുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: AICC General Secretary KC Venugopal strongly objected to linking other Congress leaders' personal opinions to his name and stressed that internal party issues will be resolved collectively.