പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല, എനിക്ക് അവരില്ലാതെയും- മന്ത്രി കെ.ബി. ഗണേഷ്കുമാർ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുതന്നെ മത്സരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പത്തനാപുരത്തല്ലാതെ എവിടെപ്പോകാനാണെന്ന് ചോദിച്ച ഗണേഷ്‌കുമാർ, പത്തനാപുരത്ത് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. പത്തനാപുരത്തുകാർക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും അടുത്ത ഒരുവർഷത്തേക്ക് മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു. അതിനുവേണ്ടതെല്ലാം ചെയ്തുവെച്ചിട്ടുണ്ട്. തിരവനന്തപുരം കിഴക്കേക്കൊട്ടയിൽ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ക്ലിനിക്ക് തുടങ്ങുമെന്നും ഡയാലിസിസ് സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറാകുമെന്നും പ്രതിഫലം പറ്റാതെയാണ് മോഹൻലാൽ ഈ ചുമതല ഏറ്റെടുക്കുന്നതെന്നും ഗണേഷ്‌കുമാർ പറഞ്ഞു. നടനെവെച്ച് പരസ്യമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോഡ് തുകയായ 13.02 കോടി പിന്നിട്ടെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്ര നേട്ടമുണ്ടായത്. ടിക്കറ്റ് വരുമാനത്തിൽനിന്ന് മാത്രം 12.18 കോടി കളക്ഷൻ ലഭിച്ചു. കടയുടെ വാടക അടക്കമുള്ള മറ്റ് വരുമാനങ്ങൾ കൂടി ചേർത്താൽ 13.02 കോടി വരുമാനമാണ് ലഭിച്ചത്. അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആർടിസിയെ എൽഡിഎഫ് സർക്കാർ തിരിച്ചുകൊണ്ടുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Ganesh Kumar to Contest from Pathanapuram: Assembly Election Campaigns Begin