കവളപ്പാറയുടെ കണ്ണീരിന് ആറുവർഷം; പൊലിഞ്ഞത് 59 ജീവനുകൾ

നിലമ്പൂർ: കവളപ്പാറ ദുരന്തത്തിന് ഓഗസ്റ്റ് എട്ടിന് ആറുവർഷം. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ കവളപ്പാറ മുത്തപ്പൻകുന്നിലെ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ പൊലിഞ്ഞത് 59 ജീവനുകളാണ്.
ഉരുളെടുത്ത 59 പേരിൽ 11 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മണ്ണിനടിയിൽ നിത്യവിസ്മൃതിയിലാണ്. പ്രളയത്തിൽ ഇത്രയേറെപ്പേരുടെ ജീവൻ ഒന്നിച്ചെടുത്ത ദുരന്തവും സംസ്ഥാനത്ത് ആദ്യമായിരുന്നു. ദുരന്തശേഷം ആളും അനക്കവും ഇല്ലാതായതോടെ കവളപ്പാറ മുത്തപ്പൻകുന്നിന്റെ താഴ്ഭാഗം ഇപ്പോൾ കാടുപിടിച്ച് വിജനമാണ്. മുൻപത്തെ കവളപ്പാറയെ ഓർത്തെടുക്കാനേ പ്രദേശത്തെ മുതിർന്നവർക്കുപോലും സാധ്യമാവുന്നുള്ളൂ. അന്നത്തെ രാത്രി മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും വെള്ളവും ഒഴുകുന്നതുകണ്ട് താഴ് ഭാഗത്തുള്ളവർ കുന്നിൻമുകളിലേക്ക് നോക്കിയപ്പോൾ വീടും വീട്ടുപകരണങ്ങളും വൻമരങ്ങളും വളർത്തുമൃഗങ്ങളും ഒഴുകിവരുന്നതാണ് കണ്ടത്.
തങ്ങളുടെ സഹോദരങ്ങളെ ഉരുളെടുത്തിട്ടുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് ഏറെ സമയം കഴിഞ്ഞാണ്. പേടിച്ചരണ്ട് രക്ഷാപ്രവർത്തനവുമായി ആ കറുത്ത രാത്രിയിൽ ഉറ്റവർക്കുവേണ്ടി മണ്ണിലിറങ്ങിയിട്ടും നിരാശ മാത്രമാണ് പലർക്കും ലഭിച്ചത്. സേനയും, ജീവൻപണയംവെച്ച് ഓടിയെത്തിയ സന്നദ്ധപ്രവർത്തകരും 21 ദിവസം അക്ഷീണം പ്രവർത്തിച്ചിട്ടും ദുരന്തരത്തിനിരയായ മുഴുവനാളുകളുടെയും മൃതദേഹം തിരിച്ചുകിട്ടാനാവാത്ത വിധം മണ്ണിനടിയിലായിരുന്നു.
ആദ്യഘട്ടത്തിൽ വേഗതകുറഞ്ഞ പുനരധിവാസത്തിന് പിന്നീട് വേഗത കൂടിയെങ്കിലും പട്ടികവർഗ വിഭാഗത്തിലെ 32 കുടുംബങ്ങൾ ഇപ്പോഴും ദുരന്തത്തിന്റെ ഇരകളായി കഴിയുകയാണ്.
കവളപ്പാറയിലും സമീപ പ്രദേശങ്ങളിലുമായി ദുരന്തത്തിനിരയായവർക്ക് സർക്കാർ സഹായധനവിതരണം പൂർത്തിയാക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും സർക്കാർ സഹായധനം നൽകി. അടിയന്തര സഹായം എല്ലാ ദുരന്തബാധിതർക്കും ലഭ്യമാക്കി. വിവിധ സന്നദ്ധസംഘടനകളും വ്യക്തികളും സഹായവുമായി എത്തിയതോടെ കുടുംബങ്ങൾക്കും വീടായി.
ഭൂദാനത്ത് 62 വീടുകളുള്ള ഒരു പുനരധിവാസ വില്ലേജും ഞെട്ടിക്കുളത്ത് 24 വീടുകളുള്ള മറ്റൊരു വില്ലേജും പോത്തുകല്ലിന്റെ പരിസരങ്ങളിലായി ഒറ്റപ്പെട്ട രീതിയിൽ നിരവധി വീടുകളും കവളപ്പാറ, പാതാർ ദുരന്തബാധിതർക്കായി ഉയർന്നിട്ടുണ്ട്.
Content Highlights: kavalappara landslide six years